| Tuesday, 7th March 2023, 8:29 pm

മെസിയെ തടയണമെങ്കിൽ കയ്യിലൊരു മെഷീൻ ഗൺ വേണ്ടിവരും; പ്രശംസിച്ച് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബാൾ കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ അനശ്വരതയിലേക്ക് ഉയർന്നിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസി. അർജന്റൈൻ ജനതയുടെ നീണ്ട 36 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് ലോകകപ്പ് കിരീടം ബ്യൂനസ് ഐറിസിലെത്തിച്ച മെസിക്കും സംഘത്തിനും വൻ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.

കൂടാതെ ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മിന്നും പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതോടെ മെസിക്ക് തന്റെ കരിയറിലെ രണ്ടാം ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചിരുന്നു.

എന്നാലിപ്പോൾ മെസിയെ പ്രശംസിച്ച് മുൻ ബാഴ്സലോണ ഇതിഹാസ താരം ഹ്രിസ്റ്റോ സ്‌റ്റോക്കോവിക്ക് നടത്തിയ പഴയ അഭിപ്രായ പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണിപ്പോൾ.

2010 ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മെസിയുടെ മികവിൽ ബാഴ്സ ആഴ്സണലിനെ തകർത്ത മത്സരത്തിലെ മെസിയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് താരത്തെ പറ്റിയുള്ള തന്റെ അഭിപ്രായം ഹ്രിസ്റ്റോ സ്‌റ്റോക്കോവിക്ക് പ്രകടിപ്പിച്ചത്.

‘പണ്ട് ഒരു പിസ്റ്റൾ ഉണ്ടെങ്കിൽ മാത്രമേ എന്നെ തടയാൻ സാധിക്കുകയുള്ളൂ എന്ന് ആരാധകർ പറഞ്ഞിട്ടുണ്ട്. എന്നാൽ മെസിയെ ആർക്കെങ്കിലും തടയണമെങ്കിൽ അവർക്കൊരു മെഷീൻ ഗണ്ണ് ആവശ്യമാണെന്നാണ് ഞാൻ ഇപ്പോൾ പറയുന്നത്,’ സ്‌റ്റോക്കോവിക്ക് പറഞ്ഞു.

2009-2010 ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ആദ്യ പാദ മത്സരം ആഴ്സണലുമായി ബാഴ്സ 2-2 എന്ന സ്കോറിന് പിരിഞ്ഞിരുന്നു. പിന്നീട് രണ്ടാം പാദ മത്സരത്തിൽ മെസിയുടെ മികവിൽ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകൾ ഗണ്ണേഴ്സിനെതിരെ സ്കോർ ചെയ്തിരുന്നു.

2009-2010 സീസണിൽ 53 മത്സരങ്ങളിൽ നിന്നും 47 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസി സ്കോർ ചെയ്തത്.
അതേസമയം നിലവിൽ 24 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

മെസിയുടെ നിലവിലെ ക്ലബ്ബായ പി.എസ്.ജിയും ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുണ്ട്.

Content Highlights:You need a machine gun to stop him Hristo Stoichkov said about messi

We use cookies to give you the best possible experience. Learn more