വാഷിങ്ടണ്‍: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഗസയില്‍ തടവിലാക്കിയിരിക്കുന്ന ഇസ്രഈലി ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്ന് ട്രംപ് പറഞ്ഞു. അല്ലാത്തപക്ഷം സര്‍വനാശം നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിക്കാന്‍ പാടില്ലെയിരുന്നുവെന്നും ട്രംപ് പറഞ്ഞു.
‘ഇത് ഹമാസിന് ഗുണകരമാകില്ല, ആര്‍ക്കും നല്ലതിനല്ല. എല്ലാ നരകവും പൊട്ടിത്തെറിക്കും. കൂടുതല്‍ ഒന്നും പറയേണ്ടതില്ല, പക്ഷെ നടക്കാന്‍ പോകുന്നത് അതാണ്,’ ഡൊണാള്‍ഡ് ട്രംപ്
ഇസ്രഈലികളെ ഹമാസ് ബന്ദികളാക്കാന്‍ പാടില്ലായിരുന്നുവെന്നും ബന്ദികൈമാറ്റം നേരത്തെ നടത്തേണ്ടിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച തന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ബന്ദികൈമാറ്റം അന്തിമഘട്ടത്തിലാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പിലാക്കുമെന്നും ട്രംപിന്റെ അനുയായി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പശ്ചിമേഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിറ്റ്കോഫിന്റെ പ്രതികരണം.
അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ യു.എസ് നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. 2024ല്‍ ഒരു ഘട്ടത്തില്‍, പുരോഗതിയില്ലാത്തതിനാല്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
പ്രസ്തുത ചര്‍ച്ചയാണ് വീണ്ടും പുനരാരംഭിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തറില്‍ ചര്‍ച്ചകള്‍ തുടരാന്‍ പ്രതിനിധി സംഘത്തിന് നെതന്യാഹുവും ഹമാസും അനുമതി നല്‍കിയിരുന്നു.
ചര്‍ച്ചയിലെ കക്ഷികള്‍ തമ്മില്‍ ഡിജിറ്റൽ കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ടെന്നും മധ്യസ്ഥനായ ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45,885 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 109,196 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: You must release the captives before I come to power; Trump warns Hamas