പട്‌ന: ബീഹാറിലെ ലോക്‌സഭ മണ്ഡലമായ അരാരിയയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദു ആയിരിക്കണമെന്ന സ്ഥലം ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തില്‍. അരാരിയയില്‍ നിന്നുള്ള പ്രദീപ് കുമാര്‍ സിങ്ങാണ് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയായ ഗിരിരാജ് സിങ്ങിന്റെ അഞ്ച് ദിവസത്തെ ഹിന്ദു സ്വാഭിമാന്‍ യാത്രയ്ക്കിടെയാണ് വിവാദ പരമാര്‍ശം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. രണ്ട് വട്ടം അരാരിയയില്‍ നിന്ന് എം.പിയായ ആളാണ് പ്രദീപ് കുമാര്‍ സിങ്.
‘സ്വയം ഹിന്ദു എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? അരാരിയയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ഒരാള്‍ ഹിന്ദു ആയിരിക്കണം. നിങ്ങള്‍ക്ക് നിങ്ങളുടെ മകനേയോ മകളേയോ വിവാഹം കഴിപ്പിക്കണമെങ്കില്‍ പങ്കാളിയുടെ ജാതി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഹിന്ദുക്കളുടെ ഐക്യം വേണമെന്നുണ്ടെങ്കില്‍ ജാതിക്ക് മുന്നെ ആദ്യം ഹിന്ദുവാണോയെന്നാണ് പരിശോധിക്കേണ്ടത്,’ പ്രദീപ് കുമാര്‍ പറഞ്ഞു.
ഹിന്ദുക്കള്‍ അപകടത്തിലാണെന്നും അതിനാല്‍ അവര്‍ സംഘടിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയും ബെഗുസാരായി എം.പിയുമായ ഗിരിരാജ് സിങ് ഹിന്ദു സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചത്.
അരാരിയ ലോക്‌സഭ മണ്ഡലത്തിലെ 40% ജനങ്ങളും മുസ്‌ലിങ്ങളാണ്. അതേസമയം പ്രദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്‍.ജെ.ഡി നേതാവായ തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തെ ഭിന്നിപ്പിക്കുന്ന വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങളെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു തേജസ്വി യാദവിന്റെ പരാമര്‍ശം.