| Sunday, 14th July 2019, 10:34 am

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിനിടെ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10000 രൂപ പിഴ ഈടാക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാറോ വീടോ വാങ്ങുക, വലിയ നിക്ഷേപങ്ങള്‍ നടത്തുക പോലുള്ള തുക കൈമാറ്റത്തിനിടെ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാലാണ് പിഴ ചുമത്തുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ പിഴ ചുമത്തുന്നതിന് മുന്നോടിയായി വ്യക്തിയുടെ വിശദീകരണം കേള്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമല്ലെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

”120 കോടിയിലേറെ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്. ആ സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് നടപടികള്‍ എളുപ്പമാക്കാനായി പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയും”.- എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

പാന്‍ കാര്‍ഡ് ഉപയോഗിക്കേണ്ട ഏത് ഘട്ടത്തിലും പകരമായി ആധാര്‍ ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.  ഇതുപ്രകാരം ഐ.ടി ആക്ടിലെ 272 ബി, 139 എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പറുണ്ട്. എന്നാല്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ 41 കോടി മാത്രമാണ്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more