സിനിമ സംവിധാനം ചെയ്യുക എളുപ്പമുള്ള കാര്യമല്ലെന്ന് ഡിവോഴ്‌സ് സിനിമ സംവിധായിക ഐ.ജി. മിനി. നിര്‍മാതാക്കള്‍, താരങ്ങള്‍ എന്നിവരുടെ പുറകെ നടന്ന് കഥ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
‘പുതിയൊരാള്‍ക്ക് സിനിമയിലേക്ക് കടന്ന് വരാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. അതിന് വേണ്ടി ഒരുപാട് അലയേണ്ടി വരും. വര്‍ഷങ്ങള്‍ ഒരു സിനിമക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും. സ്ത്രീ എന്ന നിലയില്‍ അത് എളുപ്പമല്ല. കാരണം ഭൂരിഭാഗം സ്ത്രീകളും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ നിന്നാണ് തന്റെ സ്വപ്‌നത്തിന്റെ പുറകേ ഓടുന്നത്. അവര്‍ക്ക് ഇത്തരം നീണ്ട കാത്തിരിപ്പുകള്‍ സാധ്യമാകില്ല. അതുകൊണ്ടാണ് പലരും പാതിവഴിയില്‍ സിനിമ ഉപേക്ഷിച്ച് പോകുന്നത്,’ മിനി പറഞ്ഞു.
പൊതുവെ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധിക്കുന്ന മേഖലയല്ല സിനിമയെന്നും സിനിമ ഇതുവരെ സംഘടിതമായ തൊഴിലാളി മേഖലയായില്ലെന്നും മിനി സൂചിപ്പിച്ചു.
‘ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകള്‍ വീട് ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. സമൂഹം അത്തരക്കാര്‍ക്ക് മുകളില്‍ എപ്പോഴും സദാചാര കണ്ണാടി പിടിക്കും. നമുക്ക് ചുറ്റും അത്തരം കുറെ മനുഷ്യര്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഈ വിഷയം തന്നെ സിനിമയാക്കാന്‍ കാരണം.
സമൂഹം ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെ വേറൊരു രീതിയിലാണ് നോക്കികാണുന്നത്. അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും വരുന്നുണ്ട്,’ മിനി പറഞ്ഞു.
കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വനിതാസംവിധായകരുടെ സിനിമാപദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണ് ഡിവോഴ്‌സ്. ആറ് സ്ത്രീകളുടെ കഥയാണ് ചിത്രം സംവദിക്കുന്നത്.