കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നിന്ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബി.ജെ.പിക്കാര്‍ക്ക് മുന്നിലെത്തി മറുപടിയുമായി മമത. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ചന്ദ്രകോനന ടൗണിലെ ബല്ലാവ്പൂര്‍ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.
ഗട്ടാല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങുകയായിരുന്നു മമത. വാഹനത്തിന് പിറകിലായി അകമ്പടി വാഹനവും ഉണ്ടായിരുന്നു.
വാഹനം ബല്ലാവ്പൂരില്‍ എത്തിയപ്പോള്‍ റോഡരികില്‍ ബി.ജെ.പിയുടെ ചില പ്രവര്‍ത്തകര്‍ നിലയുറപ്പിക്കുകയും മമതയ്‌ക്കെതിരെ ജയ് ശ്രീരാം മുദ്രാവാക്യം ഉയര്‍ത്തുകയുമായിരുന്നു.
വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളികേട്ട് മമത ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മമത വാഹനത്തില്‍ നിന്നും ഇറങ്ങി പ്രതിഷേധക്കാര്‍ക്കടുത്തേക്ക് നടന്നുനീങ്ങി. എന്നാല്‍ അപ്രതീക്ഷിതമായ മുഖ്യമന്ത്രിയുടെ ഈ നടപടി കണ്ട് ബി.ജെ.പിക്കാര്‍ അമ്പരന്നു. മുദ്രാവാക്യം വിളിയും നിര്‍ത്തി. ചിലര്‍ തിരിഞ്ഞോടാനും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവിടെ വരൂ എന്ന് പറഞ്ഞ് മമത അവരെ തടഞ്ഞു.