പാരിസ് ക്ലബ്ബായ പി.എസ്.ജിയുടെ മികച്ച താരങ്ങളിലൊരാണ് ഫ്രഞ്ച് യുവതാരമായ കിലിയൻ എംബാപ്പെ. ഫ്രാൻസിന് 2018ലെ ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരം 2022ലെ ലോകകപ്പിലെ ടോപ്പ് സ്കോറർ കൂടിയായിരുന്നു.
പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ ശക്തമായ സാന്നിധ്യമായ എംബാപ്പെ ലിവർപൂളിലേക്ക് ചേക്കേറണമെന്ന് ഉപദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ ജിബ്രീൽ സീസി.
എംബാപ്പെയുടെ മാതാവ് ഒരു കടുത്ത ലിവർപൂൾ ആരാധികയാണ്. 2017ൽ പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ എംബാപ്പെ തന്നെയാണ് തന്റെ മാതാവ് ഒരു ലിവർപൂൾ ആരാധികയാണെന്ന് വെളിപ്പെടുത്തിയത്.
നിലവിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായി എംബാപ്പെ സൈൻ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് എംബാപ്പെ ലിവർപൂളിൽ ചേരണമെന്ന് ജിബ്രീൽ സീസി അഭിപ്രായപ്പെട്ടത്. ബെറ്റിങ്‌സ് സൈറ്റ്സ്. കോ.യു.കെക്ക് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെയുടെ ലിവർപൂൾ സൈനിങ് സംബന്ധിച്ച് എംബാപ്പെ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
“വലിയ ട്രോഫികളും കിരീടങ്ങളുമൊക്കെ നേടണമെന്ന് എംബാപ്പെ അഭിപ്രായപ്പെടാറുണ്ട്. അദ്ദേഹം ചാമ്പ്യൻസ് ലീഗിനെയാവണം ഉദ്ദേശിച്ചിട്ടുള്ളത്. എംബാപ്പെക്ക് ചാമ്പ്യൻസ് ലീഗ് ഉയർത്തണം എന്നാണ് ആഗ്രഹം.
ചാമ്പ്യൻസ് ലീഗ് നേടാൻ യോഗ്യനായ പ്ലെയറാണ് അദ്ദേഹം. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിരവധി വർഷങ്ങളായി കളിച്ചിട്ടും പി.എസ്.ജിക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇപ്പോഴുള്ള അവരുടെ സ്‌ക്വാഡും അതിന് പ്രാപ്തരാണെന്ന് എനിക്ക് തോന്നുന്നില്ല,’ ജിബ്രീൽ സീസി പറഞ്ഞു.
“എംബാപ്പെ ലിവർപൂളിൽ കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ കളിക്കേണ്ട താരമാണ് എംബാപ്പെ എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് റയൽ മാഡ്രിഡ് ക്ലബ്ബ് ഇഷ്ടമാണെന്നും അങ്ങോട്ട് പോകാൻ താൽപര്യമുണ്ടെന്നും എനിക്ക് അറിയാം.
പക്ഷെ ആൻഫീൽഡിൽ എംബാപ്പെ കളിച്ച് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
എംബാപ്പെയുടെ അമ്മക്ക് ഇഷ്ടമുള്ള ക്ലബ് ലിവർപൂളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മ പറയുന്നത് കേട്ട് ലിവർപൂളിൽ ചേരുന്നതാണ് എംബാപ്പെക്ക് നല്ലത്,’ ജിബ്രീൽ സീസി കൂട്ടിച്ചേർത്തു.
നിലവിൽ ലീഗ് വണ്ണിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.