| Wednesday, 16th May 2018, 11:28 am

ആറ് മാസം മുന്‍പ് തമ്മില്‍ തല്ലിയവരാണ് ഇപ്പോള്‍ ഒന്നിച്ചുനില്‍ക്കുന്നത്; പരിഹാസവുമായി സദാനന്ദ ഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാനായി കൈകോര്‍ത്ത കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും പരിഹസിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

ആറ് മാസം മുന്‍പ് വരെ തമ്മില്‍ തല്ലിയവരാണ് കോണ്‍ഗ്രസും ജെ.ഡി.എസും എന്നും ഇപ്പോള്‍ ഭരണത്തിന് വേണ്ടി കൈകോര്‍ത്ത ഇവരുടെ നടപടി പരിഹാസ്യമാണെന്നും സദാനന്ദ ഗൗഡ പറയുന്നു. ബി.ജെ.പിയാണ് കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി തന്നെ കര്‍ണാടക ഭരിക്കുമെന്നും സദാനന്ദ ഗൗഡ പറയുന്നു.

അതിനിടെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് യെദിയൂരപ്പ രാജ്ഭവനില്‍ എത്തി. ഏതാനും മിനുട്ടുകള്‍ക്കകം അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.


Dont Miss അറിയാവുന്ന കളിയെല്ലാം അവര്‍ കളിക്കട്ടെ, പക്ഷേ ഇത്തവണ വിട്ടുതരില്ല: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്


കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്കറും പങ്കുവെച്ചത്. കോണ്‍ഗ്രസിലും ജെ.ഡി.എസിലും ചില അസംതൃപ്തരായ എം.എല്‍.എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നുമാണ് ജാവേദ്കര്‍ പറഞ്ഞത്.

തങ്ങള്‍ക്ക് സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ചില എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

“കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ പല എം.എല്‍.എമാരും അതൃപ്തരാണ്. ജനാധിപത്യപരമായി ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വേണം. ഞങ്ങള്‍ അത് രൂപീകരിക്കും. അനാവശ്യമായ പ്രശ്നങ്ങള്‍ ആര്‍ക്കും സൃഷ്ടിക്കാം. പക്ഷേ കര്‍ണാടക ജനത ഞങ്ങള്‍ക്കൊപ്പമാണ്. യോഗത്തിനുശേഷം ഞങ്ങള്‍ ആവശ്യമായ നടപടിയെടുക്കും. പിന്നാമ്പുറത്തൂടെ കടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. സ്വന്തം നേട്ടത്തിനായി ബദ്ധശത്രുക്കള്‍ ഒരുമിക്കുകയാണ്.” ജാവേദ്കര്‍ പറഞ്ഞു.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 104 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

We use cookies to give you the best possible experience. Learn more