കെജ്‌രിവാളിന്റെ മെഡിക്കൽ അപേക്ഷകളെ എതിർക്കാൻ കഴിയില്ല; ഇ.ഡി യോട് ദൽഹി കോടതി
national news
കെജ്‌രിവാളിന്റെ മെഡിക്കൽ അപേക്ഷകളെ എതിർക്കാൻ കഴിയില്ല; ഇ.ഡി യോട് ദൽഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 6:08 pm

ന്യൂദൽഹി: തീഹാർ ജയിലിലെ മെഡിക്കൽ ചെക്കപ്പിനെക്കുറിചുള്ള ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷയെ എതിർക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് കഴിയില്ലെന്ന് ദൽഹി കോടതി. വെള്ളിയാഴ്ചയാണ് കോടതി ഇക്കാര്യം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനെ അറിയിച്ചത്.

തൻ്റെ മെഡിക്കൽ ചെക്കപ്പ് നടക്കുന്ന സമയത്ത് വീഡിയോ കോൺഫറൻസിൽ ഭാര്യ സുനിത കെജ്‌രിവാളിനെ കൂടി ഉൾപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷയ്ക്ക് മറുപടിയായാണ് ജഡ്ജി മുകേഷ് കുമാർ ഇ.ഡി യെ വിവരമറിയിച്ചത്. മുഖ്യമന്ത്രിയുടെ അപേക്ഷയിൽ മറുപടി നൽകാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് രൂപീകരിച്ച മെഡിക്കൽ ബോർഡിന് തൻ്റെ ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന വിവരങ്ങൾ നൽകാൻ അനുവദിക്കണമെന്നും അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷയിൽ പറയുന്നുണ്ട്.

എന്നാൽ ദൽഹി മുഖ്യമന്ത്രിയുടെ അപേക്ഷയിൽ പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകനായ സോഹെബ് ഹൊസൈൻ കോടതിയെ അറിയിച്ചു.

ദൽഹി മദ്യ നയക്കേസിൽ അറസ്റ്റിലായ കെജ്‌രിവാളിന് മെയ് 10ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു ജാമ്യം അനുവദിച്ചത്. 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതിന് ശേഷം ജൂൺ രണ്ടിന് അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങിയിരുന്നു.

പ്രമേഹരോഗിയായ കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നതിനായി മധുരപലഹാരങ്ങളും മാമ്പഴങ്ങളും മനഃപൂർവം കഴിക്കുകയായിരുന്നുവെന്ന് ഏപ്രിലിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. അതേസമയം, പ്രമേഹത്തിന് ഇൻസുലിനും മറ്റ് മരുന്നുകളും നിഷേധിച്ച് കെജ്‌രിവാളിനെ ജയിലിൽ വെച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആം ആദ്മി പറഞ്ഞിരുന്നത്.

Content Highlight: You have no role in this: Delhi court to ED on Arvind Kejriwal’s medical requests in jail