ന്യൂദല്‍ഹി: തന്റെ ആകാരവടിവിനെ പരാമര്‍ശിച്ചു സംസാരിച്ച കര്‍ണാടക മുന്‍ ഡി.ജി.പി എച്ച്. ടി സാന്‍ഗ്ലിയാനക്ക് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ തുറന്ന കത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ബംഗളൂരവില്‍ നടന്ന നിര്‍ഭയ അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു സാന്‍ഗ്ലിയാന വിവാദ പരാമര്‍ശം നടത്തിയത്. നിര്‍ഭയയുടെ മാതാവിന് “നല്ല ആകാരവടിവാണ്” എന്നും അപ്പോള്‍ “മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാമല്ലോ” എന്നുമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രസ്താവന.
കത്തിന്റെ പൂര്‍ണരൂപം
നിങ്ങള്‍ എന്റെ ശരീരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് അനുചിതമാണോ എന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും നിങ്ങള്‍ ചിന്തിച്ചില്ല. ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലചെയ്യപ്പെട്ട എന്റെ മകളിലേക്ക് ആ പരാമര്‍ശം ബന്ധപ്പെടുത്താന്‍ പാടില്ലെന്നുപോലും താങ്കള്‍ ഓര്‍മ്മിച്ചില്ല.
ഇതെല്ലാം പറഞ്ഞ ശേഷവും പെണ്‍കുട്ടികള്‍ക്കായുള്ള നിങ്ങളുടെ നിര്‍ദേശം കേട്ടപ്പോള്‍ അത് എല്ലാ പരിധിയും ലംഘിക്കുന്നതായാണ് എനിക്ക് തോന്നിയത്. ആരെങ്കിലും ബാലാത്ക്കാരമായി ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് കീഴടങ്ങാന്‍ ശ്രമിക്കുക വഴി ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ പറഞ്ഞുവെച്ചത്.
അതിലൂടെ എന്റെ മകളുടെ ചെറുത്തുനില്‍പ്പിനെ അവഗണിക്കുക മാത്രമായിരുന്നില്ല നിങ്ങള്‍. മറിച്ചത് രോഗാതുരമായ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ തുറന്നുകാട്ടുക കൂടിയായിരുന്നു.
അതേരീതിയില്‍ തന്നെയാകും എന്റെ മകളെ ബലാത്ക്കാരം ചെയ്തവരും ചിന്തിച്ചുകാണുക. എന്റെ മകള്‍ ചെറുത്തുനിന്നു എന്നത് തന്നെയാകും അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകുക. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്. അവരും നിങ്ങളും ചിന്തിക്കുന്നതില്‍ ഒരു വ്യത്യാസവും എനിക്ക് കാണാന്‍ കഴിയുന്നില്ല.
പെണ്‍കുട്ടികള്‍ ഒന്നിനോടും പ്രതികരിക്കാന്‍ കഴിയാത്തവരാണെന്നും ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ കീഴടങ്ങിക്കൊടുക്കേണ്ടവരാണെന്നുമുള്ള ഉപദേശമാണ് താങ്കള്‍ സമൂഹത്തിന് നല്‍കുന്നത്.
പെണ്‍കുട്ടികളോട് അബലകളായി തുടരാനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാനും ഉപദേശിക്കുക വഴി സ്ത്രീകളെന്ന നിലയില്‍ എക്കാലവും അനുഭവിച്ചു പോരുന്ന പിന്നാക്കാവസ്ഥ തുടരണമെന്ന ആഹ്വാനം കൂടിയായിരുന്നു നിങ്ങള്‍ നടത്തിയത്.
ഇന്ത്യയിലെ പട്ടാളക്കാര്‍ക്കും ഇതേ രീതിയിലുള്ള ഉപദേശം തന്നെ നിങ്ങള്‍ നല്‍കാന്‍ തയ്യാറാകുമോ എന്നാണ് എനിക്ക് അവസാനമായി നിങ്ങളോട് ചോദിക്കാനുള്ളത്. അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ താങ്കള്‍ പറയുക?