മുംബൈ: ലോകകപ്പ് കിരീടം നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ന്യൂസിലാന്റ് ടീമിനേയും നായകനേയും ആശ്വസിപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫൈനലിന് ശേഷം നടന്ന സമ്മാനദാനചടങ്ങില്‍ വില്യംസണിനോട് സച്ചിന്‍ സംസാരിച്ചിരുന്നു.
‘എല്ലാവരാലും നിങ്ങളുടെ കളി അഭിനന്ദിക്കപ്പെടും. മികച്ച ക്രിക്കറ്റാണ് നിങ്ങള്‍ ലോകകപ്പിലുടനീളം കാഴ്ചവെച്ചത്.’-പ്ലയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റ് പുരസ്‌കാരം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന് സമ്മാനിച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞത് ഇതായിരുന്നു.
578 റണ്‍സായിരുന്നു വില്യംസണ്‍ ടൂര്‍ണ്ണമെന്റിലുടനീളം നേടിയത്. അതേസമയം സമ്മാനദാനചടങ്ങില്‍ ഐ.സി.സിയുടെ നിയമത്തിനെതിരെ സച്ചിന്‍ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
‘ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കുകയായിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത്. ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയത് ശരിയായില്ല. ലോകകപ്പ് ഫൈനല്‍ എന്നല്ല, എല്ലാ കളിയും പ്രധാനപ്പെട്ടതാണ്.’- സച്ചിന്‍ പറഞ്ഞു.
നേരത്തെ ഐ.സി.സിയുടെ തീരുമാനത്തിനെതിരെ യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ എന്നിവരും രംഗത്തെത്തിയിരുന്നു.
ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യസ്‌കോര്‍ നേടിയപ്പോള്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
WATCH THIS VIDEO: