തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഭീഷണിക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. സുപ്രിം കോടതിക്കും മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
സ്വയം പണിത പരമാധികാരിയുടെ കിരീടം സ്വന്തം തലയില്‍ സ്വയമെടുത്ത് അണിഞ്ഞുകൊണ്ടാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. അപാരശക്തിയുള്ള കിരീടമാണത്. അതു ധരിച്ചാല്‍ സുപ്രിംകോടതിയ്ക്കും മുകളിലാണ് എന്ന തോന്നലൊക്കെ വരുമെന്ന് മന്ത്രി പരിഹസിച്ചു.
എങ്ങനെ ഉത്തരവിറക്കണമെന്ന് സുപ്രിംകോടതിയ്ക്ക് നിര്‍ദ്ദേശം, ജനാധിപത്യ സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിറക്കുമെന്ന ഭീഷണി തുടങ്ങിയ അഭ്യാസങ്ങളായിരുന്നു പിന്നീട്. ടിവിയില്‍ പ്രസംഗം ലൈവു കാണാത്തത് എത്ര നന്നായി… എങ്ങാനും പ്ലാന്‍ ബിയും പ്ലാന്‍ സിയും ഒന്നിച്ചു നടന്നിരുന്നെങ്കിലോ…..? എന്നും അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാരിനെ താഴെയിറക്കുമെന്നൊക്കെ പ്രസംഗവേദിയില്‍ വീരവാദം മുഴക്കിയ ബി.ജെ.പി അധ്യക്ഷന്‍ മടങ്ങിയത് ഉചിതമായില്ല. പൊതുമുതല്‍ തകര്‍ത്ത കേസില്‍ ജാമ്യം കിട്ടാതെ കുറച്ചു തെറിജപ കര്‍സേവകര്‍ ജയിലിലുണ്ട്. അവര്‍ക്ക് കുറച്ചു ജാമ്യത്തുകയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാമായിരുന്നു. സംസ്ഥാന നേതൃത്വം ഏതാണ്ട് കൈവിട്ട മട്ടാണ്. ബസു തകര്‍ത്തും ജീപ്പുകത്തിച്ചും അഴിഞ്ഞാടിയവരാണ്. കോടികളും ലക്ഷങ്ങളും പിഴയടച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതി അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ അധ്യക്ഷന്‍ വരുമ്പോഴെങ്കിലും സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നു അവര്‍ പ്രതീക്ഷിച്ചു കാണും. പരമാധികാരത്തിന്റെ കിരീടവും ചൂടി ഒറ്റയ്ക്കു ഫ്‌ലൈറ്റു പിടിച്ചു വരുന്ന ആളിന്റെ കൈവശം തങ്ങള്‍ക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചവരുടെ നിരാശ എത്ര വലുതായിരിക്കുമെന്നും മന്ത്രി ചോദിച്ചു.
ആ പ്രതീക്ഷ അത്രയും തെറ്റി. ആരുടെ പൊതുമുതലാണവര്‍ നശിപ്പിച്ചത് എന്നൊക്കെ ശബ്ദമുയര്‍ത്തി സംശയം ചോദിച്ചതൊക്കെ ശരി. അതറിഞ്ഞ് ജയിലില്‍ കിടക്കുന്നവര്‍ അന്ധാളിച്ചു കൂടിയിട്ടുണ്ടാകാനാണ് സാധ്യത. കെ.എസ്.ആര്‍.ടി.സി ബസും പൊലീസ് ജീപ്പുമൊക്കെ പൊതുമുതലായി വരവുവെയ്ക്കാത്ത പാര്‍ടി അധ്യക്ഷനെ അണികള്‍ എങ്ങനെയാവും വിലയിരുത്തുക? ഇതും കേട്ട് ഇനിയും ബസിനും ജീപ്പിനും കല്ലെറിഞ്ഞാല്‍, ഗതി പഴയതു തന്നെയാവും എന്ന് സംഘപരിവാറുകാരെ ഓര്‍മ്മിപ്പിക്കട്ടെ എന്നും തോമസ് ഐസക് പറഞ്ഞു.
സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന വിമര്‍ശനം ശരിവെച്ചിരിക്കുകയാണ് അമിത്ഷാ ചെയ്തത്. നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാല്‍ മതിയെന്ന സുപ്രിംകോടതിയ്ക്കുള്ള കല്‍പനയില്‍ എല്ലാമുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധിയൊന്നും പറയേണ്ടെന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തില്‍ ബി.ജെ.പി പ്രസിഡന്റ് സുപ്രിംകോടതിയ്ക്കു താക്കീതു നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമത്വവും തുല്യതയുമൊന്നും കോടതി വഴി നടപ്പാക്കേണ്ട എന്ന വാദത്തിന്റെ അര്‍ത്ഥം, ജാതിവിവേചനം വിലക്കുന്ന കോടതിവിധികള്‍ക്ക് പ്രസക്തിയില്ല എന്നാണ്. ചാതുര്‍വര്‍ണ്യമാണ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നും ബി.ജെ.പി പ്രസിഡന്റ് സമ്മതിക്കുന്നു. ജനാധിപത്യമൂല്യങ്ങളും ആധുനിക പൗരത്വ സങ്കല്‍പങ്ങളും തങ്ങള്‍ വകവെയ്ക്കുന്നില്ലെന്നുമുള്ള സംഘപരിവാറിന്റെ ആക്രോശമാണ് ഇന്ന് അമിത്ഷായിലൂടെ കണ്ണൂരില്‍ മുഴങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന പ്രഖ്യാപനമൊന്നും ആരും വകവെയ്ക്കുന്നില്ല. ജനങ്ങളാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ബി.ജെ.പിയുടെയോ അമിത്ഷായുടെയോ ഔദാര്യത്തിലല്ല ഇടതുപക്ഷസര്‍ക്കാര്‍ നാടു ഭരിക്കുന്നത്. അതുകൊണ്ട് വെല്ലുവിളിയും വീരവാദവുമൊക്കെ കൈയിലിരിക്കട്ടെ. സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ ഇനിയും അറസ്റ്റു ചെയ്യും, പി.ഡി.പി.പി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തും. അതൊക്കെ അതിന്റെ വഴിക്കു നടക്കും. അദ്ദേഹം പറഞ്ഞു.
ചുരുക്കിപ്പറഞ്ഞാല്‍, അമിത് ഷാ ഒറ്റയ്ക്കു വിമാനം പിടിച്ചു വന്നു പ്രസംഗിച്ചാല്‍ കേരളത്തില്‍ ആരെങ്കിലും ഭയന്നുപോകുമെന്നു കരുതി ഒരു സംഘപരിവാറുകാരനും അക്രമം നടത്താനും നിയമം കൈയിലെടുക്കാനും ശ്രമിക്കേണ്ട. എത്ര ഉന്നതനാണെങ്കിലും അകത്തുകിടക്കേണ്ട കുറ്റം ചെയ്താല്‍ അകത്തു കിടത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
DoolNews Video