|

ഞങ്ങളെ പേടിപ്പിച്ച് നിശബ്ദരാക്കാന്‍ സാധിക്കില്ല: ആക്രമണത്തിന് ഉമര്‍ ഖാലിദിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ മറുപടി. ഞങ്ങളെ പേടിപ്പിച്ച് നിശബ്ദരാക്കാന്‍ സാധിക്കില്ല എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് ഉമര്‍ ഖാലിദ് ആക്രമണത്തോടുള്ള തന്റെ പ്രതികരണം കുറിച്ചത്.

എനിക്ക് നേരെയുള്ള നിരന്തര വധഭീഷണികളും, ധബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ മരണങ്ങളും നേരത്തെ തന്നെ എനിക്ക് നേരെ വധശ്രമം ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ “ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യം” എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഒരാള്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് മുന്നില്‍ വെച്ച് എന്നെ ആക്രമിച്ചത്.


ALSO READ: ഉമര്‍ ഖാലിദ് പങ്കെടുത്ത പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല: സുരക്ഷാ വീഴ്ചയെ ന്യായീകരിച്ച് ദല്‍ഹി പൊലീസ്


സ്വാതന്ത്ര്യ ദിനത്തിന് രണ്ട് നാള്‍ മുമ്പ്, ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലത്തുവെച്ച് പകല്‍ വെളിച്ചത്തില്‍ ഒരാള്‍ക്ക് എന്നെ ആക്രമിക്കാന്‍ തയ്യാറായത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ വീഴ്ച തന്നെയാണ്. ഉമര്‍ ഖാലിദ് ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസ് ഇന്ന് സെക്ഷന്‍ 307 പ്രകാരം കേസെടുത്തിട്ടും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ഉള്‍പ്പെടെ ഉള്ളവര്‍ എന്താണ് ഒന്നും നടക്കാത്ത പോലെ സംസാരിക്കുന്നതെന്നും ഉമര്‍ ഖാലിദ് പ്രതികരണക്കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

തനിക്കെതിരെയുള്ള വിദ്വേഷപ്രചരണം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്ന് വരികയാണെന്നും ഉമര്‍ ഖാലിദ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ തെളിവുകളല്ല കള്ളങ്ങള്‍ മാത്രമാണുള്ളതെന്നും ഉമര്‍ ഖാലിദ് പറയുന്നു.


ALSO READ: ഉമര്‍ ഖാലിദിനുനേരെ വെടിവെച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


ഈ അതിക്രമങ്ങള്‍ കൊണ്ട് എന്നെ നിശബ്ദനാക്കാം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന ഉമര്‍, ബുള്ളറ്റുകൾക്കും കാരാഗൃഹങ്ങൾക്കും മുമ്പില്‍ തോല്‍ ക്കില്ലെന്നും പറയുന്നുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ജീവനു ഭീഷണി ഉള്ളത് കൊണ്ട് ദല്‍ഹി പൊലീസ് തനിക്ക് സംരക്ഷണം നല്‍ കണമെന്നും ഉമര്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു

തനിക്ക് പിന്തുണ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഉമര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.

ഞങ്ങളെ പേടിപ്പിച്ച് നിശബ്ദരാക്കാന്‍ സാധിക്കില്ല: ആക്രമണത്തിന് ഉമര്‍ ഖാലിദിന്റെ മറുപടി