ലീഡ്‌സ്: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പുകഴ്ത്തി ബ്രസീല്‍ ഹെഡ്ഡ് കോച്ച് ടിറ്റെ. മെസ്സി നിസ്സാരക്കാരനല്ലെന്നും മെസ്സിയും ബ്രസീലിന്റെ ഫിലിപ്പെ കുട്ടീന്യോയും പോലുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ഒരു വലിയ ടൂര്‍ണമെന്റിന്റെ വിധികര്‍ത്താക്കളാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ക്കു മെസ്സിയെ റദ്ദാക്കാനാകില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തിന്റെ കളിക്കു വില കൊടുക്കാതിരിക്കാം. പക്ഷേ നിങ്ങള്‍ക്ക് അദ്ദേഹത്തെ നിസ്സാരക്കാരനാക്കാനാകില്ല’- ടിറ്റെ പറഞ്ഞതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
റോബര്‍ട്ടോ ഫിര്‍മിനോ, ഡേവിഡ് നെരെസ് തുടങ്ങിയ താരങ്ങളും വിധികര്‍ത്താക്കളാകാന്‍ ശേഷിയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമയം നാളെ രാവിലെ ആറുമണിക്കാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീന-ബ്രസീല്‍ സെമി പോരാട്ടം. കോപ്പ അമേരിക്കയുടെ ഈ സീസണില്‍ ഇതേവരെ മെസ്സി ഫോമിലേക്കുയര്‍ന്നിട്ടില്ല. പരാഗ്വായിക്കെതിരേ ഒരു ഗോള്‍ മാത്രമാണ് മെസ്സിക്ക് ഇതുവരെ നേടാനായത്.
വെനസ്വേലക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിനു പരാജയപ്പെട്ടായിരുന്നു നീലപ്പടയുടെ തുടക്കം. എന്നാല്‍ അവസാന മത്സരത്തില്‍ ഖത്തറിനെ പരാജയപ്പെടുത്തി അവര്‍ സെമിയിലെത്തി.
അതേസമയം ബ്രസീല്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. അര്‍ജന്റീനയെ തോല്‍പ്പിച്ച പരാഗ്വായിയെ ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്.