ഇന്ത്യൻ പ്രീമിയർ ലീഗിലെതന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനാണ് ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം അവസാന ഓവർ വരെ നീണ്ട് നിന്ന ആവേശത്തിനൊടുവിലാണ് അവസാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് സ്കോർ ചെയ്ത 204 റൺസ് വിജയ ലക്ഷ്യം കൊൽക്കത്ത അവസാന ഓവറിൽ മറികടക്കുകയായിരുന്നു.
വിജയ് ശങ്കർ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് 204 റൺസെന്ന കൂറ്റൻ സ്കോറിലേക്കെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് മികവിൽ ഗുജറാത്തിന്റെ കയ്യിൽ നിന്നും വിജയം പിടിച്ചെടുക്കുകയായിരുന്നു.
അവസാന ഓവറിൽ വിജയിക്കാൻ 29 റൺസ് വേണ്ട കൊൽക്കത്തക്ക് വേണ്ടി തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി റിങ്കു സിങ് മത്സരം വിജയിപ്പിക്കുകയായിരുന്നു.
യാഷ് ദയൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഉമേഷ് യദവ് സിംഗിൾ എടുത്തിരുന്നു. പിന്നീടുള്ള അഞ്ച് പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയാണ് റിങ്കു മത്സരം വിജയിപ്പിച്ചത്.
എന്നാൽ അവസാന ഓവറിൽ 31 റൺസ് വഴങ്ങിയതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് യഷ് ദയാലിനെതിരെ ആരാധകർ ഉയർത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കപ്പെടുന്ന യാഷ് ദയാലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ ബാറ്ററായ വിജയ് ശങ്കർ.
കഴിഞ്ഞ സീസണിൽ ഗുജറാത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് യഷ് ദയാലെന്നും ഒരു ഓവർ കൊണ്ട് ഒരു താരത്തെ വിലയിരുത്തരുതെന്നുമാണ് വിജയ് ശങ്കർ മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ അറിയിച്ചത്.
‘കഴിഞ്ഞ വർഷം യഷ് ദയാൽ ചില പ്രധാനപ്പെട്ട ഓവറുകൾ എറിഞ്ഞിരുന്നു. ഗുജറാത്തിനെ ഐ.പി.എൽ ജേതാക്കളാക്കുന്നതിൽ അവൻ നിർണായകമായ പങ്ക് വഹിച്ചിരുന്നു.
ഒരു പ്ലെയറെ ഒറ്റ ഓവർ കൊണ്ട് വിലയിരുത്താൻ നിൽക്കരുത്. എല്ലാവരും ഐ.പി.എല്ലിൽ സ്ഥാനം ലഭിക്കുന്നതിനായി മികച്ച രീതിയിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്,’ വിജയ് ശങ്കർ പറഞ്ഞു.
“കരിയറിൽ കഠിനമായ ഘട്ടം എല്ലാ പ്ലെയേഴ്സിനുമുണ്ടാകും. ഒരു ടീമെന്ന നിലയിൽ ദയാലിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്,’ വിജയ് ശങ്കർ കൂട്ടിച്ചേർത്തു.