പകുതി സമയും വിദേശത്തുപോയിരുന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല; രാഹുലിനെ കടന്നാക്രമിച്ച് മമത ബാനര്‍ജി
India
പകുതി സമയും വിദേശത്തുപോയിരുന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല; രാഹുലിനെ കടന്നാക്രമിച്ച് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 2:05 pm

 

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം.

വിദേശത്തിരുന്നുകൊണ്ട് ആര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മുംബൈയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

”ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കില്‍ പിന്നെ എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും? രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,” മമത ബാനര്‍ജി പറഞ്ഞു.

‘ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാന്‍ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത്? ആരാണ് ബംഗാള്‍ വിട്ട് എല്ലായിടത്തും ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നത്? മറ്റുള്ളവരും അങ്ങനെ ചെയ്യാനും മത്സരമുണ്ടാകാനുമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. ഫെഡറല്‍ ഘടന ശക്തമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്,’ മമത ബാനര്‍ജി പറഞ്ഞു.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ തനിക്ക് കഴിയുമോ എന്ന ചോദ്യത്തിന് താനൊരു ചെറിയ തൊഴിലാളിയാണെന്നും അങ്ങനെ തുടരാനാണ് താല്‍പ്പര്യമെന്നും മമത ബാനര്‍ജി പറഞ്ഞു.

യു.പി.എ എന്ന ഒന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ശക്തമായ ബദല്‍ തങ്ങള്‍ ഉണ്ടാക്കുമെന്നും മമത പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ചും മമത പറഞ്ഞു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് യു.പി.എ നയിക്കുന്നതിനെ പറ്റി അഭിപ്രായമില്ലെന്നും മമത പറഞ്ഞു.

അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

‘യു.പി.എ ഇല്ലെന്നത് തീര്‍ത്തും തെറ്റാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതും തെറ്റാണ്. രാഹുല്‍ ജിയെ എവിടെയും കാണാനില്ലെന്ന മമത ബാനര്‍ജിയുടെ ആരോപണം തെറ്റാണ്. കോണ്‍ഗ്രസ് എല്ലാ വിഷയങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുന്നുണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാല്‍ ചിലര്‍ ആ പാര്‍ട്ടിയെ മാത്രമാണ് സഹായിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലും ചിലയിടങ്ങളില്‍ പ്രതിപക്ഷത്തും ഉണ്ട്,’ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് ഇല്ലെങ്കില്‍ യു.പി.എ ആത്മാവില്ലാത്ത ശരീരമായിരിക്കുമെന്നും പ്രതിപക്ഷ ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlights: You can’t work in Indian politics if you go abroad half the time; Mamata Banerjee attacks Rahul