| Tuesday, 30th June 2020, 12:19 pm

'നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ പറ്റില്ല'; തൂത്തുകുടി കസ്റ്റഡി മരണത്തില്‍ പൊലീസുകാരന്റെ വെല്ലുവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുകുടി കസ്റ്റഡി മരണത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാതിരിക്കാന്‍ ജില്ലാ പൊലീസ് ഭരണകൂടം എല്ലാരീതിയിലും ശ്രമക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടൈന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

കസ്റ്റഡി മരണത്തെ നിസാരവത്ക്കരിക്കുന്ന രീതിയിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കോണ്‍സ്റ്റബിള്‍ പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

” നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല,” കോണ്‍സ്റ്റബിള്‍ മഹാരാജന്‍ പറഞ്ഞതായും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കോണ്‍സ്റ്റബിളിനെയും മദ്രാസ് ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊലീസുകാരെ മാറ്റണമെന്നും അല്ലെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നത് വളരെ പ്രയാസകരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നന്നെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടര്‍ന്ന് ഇവരെ കോവില്‍പ്പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.

സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

TN Custodial Death Case of Jeyaraj-Beniks

We use cookies to give you the best possible experience. Learn more