ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരങ്ങൾ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ പതിനാറാം സീസണിലും കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
വലിയ ആരാധക പിന്തുണയും മികച്ച സ്‌ക്വാഡ് ഡെപ്ത്തുമുണ്ടെങ്കിലും ഇതുവരേക്കും ഒരു ഐ.പി.എൽ കിരീടം പോലും നേടാൻ സാധിക്കാത്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇത്തവണയെങ്കിലും തങ്ങൾക്ക് കിട്ടാക്കനിയായ ഐ.പി.എൽ കിരീടം നേടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ടൂർണമെന്റിലിറങ്ങിയിരിക്കുന്നത്.
എന്നാൽ രണ്ട് ബാറ്റർമാരെ മാത്രം ആശ്രയിച്ച് ബാംഗ്ലൂരിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ടീമിന്റെ ഓപ്പണിങ് ബാറ്റർമാരെക്കൂടാതെ മറ്റ് മേഖലയും ബെംഗളൂരു മെച്ചപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരമായ വിരേന്ദർ സേവാഗ്.
ബാംഗ്ലൂർ വിരാടിനെയും ഡു പ്ലെസിയേയും അമിതമായി ആശ്രയിക്കുന്നെന്നും സേവാഗ് വിമർശനമുന്നയിക്കുന്നുണ്ട്. കൊൽക്കത്തക്കെതിരെയുള്ള കഴിഞ്ഞ ഐ.പി.എൽ മത്സരത്തിൽ വിരാടും ഡു പ്ലെസിയും വീണതിന് ശേഷം ബെംഗളൂരു ബാറ്റിങ് നിരക്ക് തിരിച്ചുകയറാൻ സാധിച്ചിരുന്നില്ല.
‘എല്ലാ ടീമുകൾക്കും ഏതെങ്കിലുമൊരു സീസണിൽ ബാറ്റിങ് ഡിപ്പാർട്മെന്റിൽ തകർച്ച നേരിടാറുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാൽ സീസണിന്റെ തുടക്കത്തിൽ തന്നെ ബാറ്റിങ് ഡിപ്പാർട്മെന്റിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ആർ.സി.ബിയെ സംബന്ധിച്ച് ഒരു തരത്തിൽ ഗുണമാണ്.
അവർക്ക് അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആവശ്യത്തിന് സമയം ലഭിക്കും. രണ്ട് ബാറ്റർമാരെ മാത്രം ഡിപ്പൻഡ് ചെയ്ത് ആർ. സി. ബിക്ക് മുന്നോട്ട് നീങ്ങാൻ സാധിക്കില്ല.
ആർ.സി.ബി അവരുടെ ബാറ്റിങ് ഡിപ്പാർട്മെന്റിന്റെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ച് വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇമ്പാക്ട് പ്ലെയറിന്റെ കാര്യത്തിലും ആർ.സീ.ബി മെച്ചപ്പെട്ട തീരുമാനം എടുക്കേണ്ടതുണ്ട്. കൂടാതെ പാട്ടീദാറിന്റെ പരിക്കും ആർ.സി. ബിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്,’ സേവാഗ് പറഞ്ഞു
അതേസമയം ഏപ്രിൽ എട്ടിന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിൽ നടക്കുന്നത്.