ന്യൂദല്‍ഹി: മധ്യപ്രദേശില്‍ പ്രവേശിച്ചാല്‍ തന്നെ കത്തിക്കുമെന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭീഷണിയില്‍ പ്രതികരിച്ച് ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. ‘എന്നെ കത്തിക്കൂ’ എന്നായിരുന്നു പ്രജ്ഞ ട്വിറ്ററിലൂടെ ഇതിനോടു പ്രതികരിച്ചത്. സിഖ് വിരുദ്ധ കലാപം ഓര്‍മ്മിപ്പിച്ച് അവര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുകയും ചെയ്തു.
ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ചതിനെത്തുടര്‍ന്നായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ ഗോവര്‍ധന്‍ ദംഗി പ്രജ്ഞയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്.
1984-ല്‍ സിഖുകാരെ ജീവനോടെ കത്തിക്കുകയും തന്തൂര്‍ കേസില്‍ നൈന സാഹ്‌നിയെ കത്തിക്കുകയും ചെയ്തതിലൂടെ കോണ്‍ഗ്രസിന് ഇതില്‍ പരിചയസമ്പത്തുണ്ടെന്നും പ്രജ്ഞ ട്വിറ്ററില്‍ കുറിച്ചു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലയ്ക്കു ശേഷം നടന്ന സിഖ് വിരുദ്ധ കലാപവും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്കുമാണ് പ്രജ്ഞ സൂചിപ്പിച്ചത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുശീല്‍ ശര്‍മ പ്രതിയായ 1995-ലെ തന്തൂര്‍ കൊലക്കേസും അവര്‍ ഓര്‍മ്മിപ്പിച്ചു.
‘രാഹുല്‍ ഗാന്ധി എന്നെ തീവ്രവാദി എന്നു വിളിച്ചു. അദ്ദേഹത്തിന്റെ എം.എല്‍.എ ഗോവര്‍ധന്‍ ദംഗി എന്നെ ജീവനോടെ കത്തിക്കുമെന്നും പറഞ്ഞു. സന്തോഷം. ഞാന്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് നാലുമണിക്ക് മുള്‍ട്ടാന്‍പുരിലെ ബയോറയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെല്ലുന്നുണ്ട്. അവിടെവെച്ച് എന്നെ നിങ്ങള്‍ക്കു കത്തിക്കാം.’- പ്രജ്ഞ ട്വീറ്റ് ചെയ്തു.
ലോക്‌സഭയില്‍ എസ്.പി.ജി ബില്ലിനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയ്ക്കിടെയായിരുന്നു ഗോഡ്‌സെ ദേശഭക്തനാണെന്ന വിവാദ പരാമര്‍ശം പ്രജ്ഞ നടത്തിയത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് അവര്‍ നേരിട്ടു രംഗത്തെത്തി.
തന്റെ പ്രസ്താവന ആരെയെങ്കലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഗാന്ധിജിയെ ഒരിക്കലും താന്‍ ഇകഴ്ത്തിപ്പറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. ലോക്‌സഭയില്‍ വെച്ചായിരുന്നു അവരുടെ മാപ്പുപറച്ചില്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചു. എന്നെ തീവ്രവാദിയായി ചിത്രീകരിച്ചു. അതില്‍ അതിയായ വേദനയുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റുകയായിരുന്നു. രാഷ്ട്രത്തിന് വേണ്ടി ഗാന്ധിജി നല്‍കിയ സംഭാവനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. -പ്രജ്ഞ പറഞ്ഞു.
തന്നെ തീവ്രവാദിയെന്ന് പരാമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രജ്ഞ സിങ് രംഗത്തെത്തി.
തനിക്കെതിരെ ഒരു കേസ് പോലും സുപ്രീം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പിന്നെ ഇത്തരത്തിലുള്ള പരാമര്‍ശനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പറയുകയെന്നുമായിരുന്നു പ്രജ്ഞ സിങ് ചോദിച്ചത്.
എന്നാല്‍ പ്രജ്ഞയുടെ ഈ മറുപടിക്കിടെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തി. ‘ഡൗണ്‍ ഡൗണ്‍ ഗോഡ്സെ.. മഹാത്മാ ഗാന്ധി കീ ജയ്’ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രജ്ഞയുടെ മാപ്പിനെ പ്രതിപക്ഷം സ്വീകരിച്ചത്.
ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച ബി.ജെ.പി എം.പിയുടെ പരാമര്‍ശത്തില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
പ്രജ്ഞ സിങ്ങിനെ പാര്‍ട്ടി പോലും കൈവിട്ട സാഹചര്യത്തിലാണ് ഒടുവില്‍ മാപ്പ് പറഞ്ഞ് പ്രജ്ഞ രംഗത്തെത്തിയത്.
ചിത്രത്തിന് കടപ്പാട്: എ.എന്‍.ഐ