'നിരവധി വിഡ്ഡി ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിച്ചുകഴിഞ്ഞു'; സി.എന്‍.എന്നിന്റെ മറ്റൊരു മാധ്യമപ്രവര്‍ത്തകനോടും കയര്‍ത്ത് ട്രംപ്
World News
'നിരവധി വിഡ്ഡി ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിച്ചുകഴിഞ്ഞു'; സി.എന്‍.എന്നിന്റെ മറ്റൊരു മാധ്യമപ്രവര്‍ത്തകനോടും കയര്‍ത്ത് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 10:24 am

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ പത്രസമ്മേളനത്തിനിടെ തനിക്ക് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിന് സി.എന്‍.എന്‍ മാധ്യമ പ്രവര്‍ത്തകരുമായി കൊമ്പ് കോര്‍ത്തതിന് പിന്നാലെ സി.എന്‍.എന്നിന്റെ തന്റെ മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ വിഡ്ഡി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനൊന്നും മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും പറഞ്ഞായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകനായ അബി ഫിലിപ്പിനോട് കയര്‍ത്തത്.

2016 ലെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ സമയത്ത് റഷ്യന്‍ ഏജന്റുമാരുടെ സഹായം തേടിയെന്ന ആരോപണത്തില്‍ പുതിയ അറ്റോണി ജനറലിന്റെ അന്വേഷണം വേണ്ടവിധത്തിലല്ലെന്ന പരാതി ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയത്.

എന്തൊരു വിഡ്ഡിത്തരമാണ് നിങ്ങള്‍ ചോദിക്കുന്നത്. ഇത് മാത്രമല്ല നേരത്തെയും നിങ്ങള്‍ ചോദിച്ചതെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങളായിരുന്നു. ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകനെ നോക്കി പറഞ്ഞ ശേഷം ട്രംപ് വാര്‍ത്താ സമ്മേളത്തില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.


മോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് സ്റ്റാലിന്‍: എന്‍. ചന്ദ്രബാബു നായിഡു


അഭയം തേടി അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാരവന്‍ അഭയാര്‍ത്ഥികളെ കുറിച്ച് ചോദിച്ചതിനായിരുന്നു സി.എന്‍.എന്‍ പ്രതിനിധി ജിം അക്കോസ്റ്റയോട് ട്രംപ് കഴിഞ്ഞ ദിവസം കുപിതനായത്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം.

കാരവനെ അധിനിവേശം എന്ന് ട്രംപ് വിശേഷിപ്പിച്ചതിനെയാണ് ജിം അക്കോസ്റ്റ ചോദ്യം ചെയ്തത്. തനിക്കങ്ങനെ തോന്നിയത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ട്രംപ് മറുപടി പറഞ്ഞു. എന്നാല്‍, കാരവന്‍ അധിനിവേശമല്ലെന്നും അഭയം തേടിവരുന്ന ഏഴായിരത്തോളം സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘമാണെന്ന് ജിം അക്കോസ്റ്റ പറഞ്ഞു. ഇതോടെ ട്രംപ് കുപിതനായി.

നിങ്ങള്‍ സി.എന്‍.എന്‍ നിയന്ത്രിച്ചോളൂ, എന്നെ രാജ്യം നിയന്ത്രിക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള ജിം അക്കോസ്റ്റയുടെ ചോദ്യത്തിനും ശരിയായ മറുപടി നല്കിയിരുന്നില്ല. അത് വ്യാജമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

പിന്നീട്, ജിം അക്കോസ്റ്റ പരുക്കനാണെന്ന് ആരോപിച്ച ട്രംപ് അദ്ദേഹത്തില് നിന്നും മൈക്ക് പിടിച്ച് വാങ്ങാന്‍ വൈറ്റ് ഹൗസ് പ്രതിനിധിയോട് ആവശ്യപ്പെടുകയും ചെയ്തു. സി.എന്‍.എന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവര്‍ ജനങ്ങളുടെ ശത്രുവാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍, ജിം അക്കോസ്റ്റയെ പ്രതിരോധിച്ച് കൊണ്ട് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

തുടര്‍ന്ന് ജിം അക്കോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.