| Thursday, 12th July 2018, 3:36 pm

നിങ്ങള്‍ സൂപ്പര്‍മാനാണെന്നു പറയുന്നു, എന്നാല്‍ ഒന്നും ചെയ്യുന്നുമില്ല: മാലിന്യപ്രശ്‌നത്തില്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തലസ്ഥാന നഗരിയിലെ മാലിന്യനിര്‍മാര്‍ജന പ്രശ്‌നത്തില്‍ ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേല്‍ തനിക്കാണ് അധികാരമെന്ന് ഗവര്‍ണര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഗൗരവതരമായ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യനിര്‍മാര്‍ജനം കൈകാര്യം ചെയ്യാന്‍ വേണ്ട നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

“നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്കാണ് അധികാരമെന്നാണ്. നിങ്ങള്‍ സൂപ്പര്‍മാന്‍ ആണെന്നാണ്. പക്ഷേ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും ചെയ്യുന്നില്ല.” ഗവര്‍ണറെ ഉദ്ദേശിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.

ദല്‍ഹിയിലെ മൂന്ന് മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങളായ ഘാസിപൂര്‍, ബലാസ്‌വാ, ഓഖ്‌ല എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടിയിരുന്നു. അവസാനത്തെ മൂന്നു മീറ്റിങ്ങുകളിലും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ആരും പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധിച്ചുകൊണ്ടാണ് കോടതി പ്രതികരിച്ചത്.


Also Read: “പാക്കിസ്ഥാനെ പ്രീണിപ്പിച്ചുകൊണ്ടിരുന്നയാള്‍ അവര്‍ക്കെതിരായോ?”: തരൂരിനാവശ്യം വൈദ്യസഹായമെന്നും സുബ്രഹ്മണ്യന്‍ സ്വാമി


വിഷയത്തെ ക്രിയാത്മകമായി നേരിടാന്‍ ഗവര്‍ണറുടെ ഓഫീസിന് സാധിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇതിലുള്ള അതൃപ്തി അറിയിച്ചു. ദല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യക്കൂനകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം ആരുടേതാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് കോടതിയുടെ ശാസന. ഗവര്‍ണറും കെജ്‌രിവാളും തമ്മിലുള്ള അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.

ഈയവസ്ഥ തുടര്‍ന്നുപോയാല്‍ ഘാസിപൂരിലെ മാലിന്യക്കൂന 73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിനെ കവച്ചുവയ്ക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് കോടതി അഭിപ്രായപ്പെട്ടത്.

We use cookies to give you the best possible experience. Learn more