രാഹുല്‍, നിങ്ങളാണ് ശരി; കോണ്‍ഗ്രസ് എന്താണെന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തു: രാഹുലിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ
national news
രാഹുല്‍, നിങ്ങളാണ് ശരി; കോണ്‍ഗ്രസ് എന്താണെന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തു: രാഹുലിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2018, 4:19 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ.

രാഹുല്‍ ഗാന്ധിയുടെ അത്ഭുതകരമായ ഒരു പ്രകടനമായിരുന്നു ലോക്‌സഭയില്‍ കണ്ടതെന്നും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തന്നെ പിഴുതെറിയുന്ന രീതിയിലുള്ള ഒരു ഗെയിം ചേഞ്ചിങ് പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അപ്രതീക്ഷിതമായ ഒരു കെട്ടിപ്പിടുത്തത്തിലൂടെ ബി.ജെ.പി നേതൃത്വത്തെ തന്നെ രാഹുല്‍ ഞെട്ടിച്ചുകളഞ്ഞെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുലിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. രാഹുലിന്റെ പ്രസംഗവും ഒടുവിലുള്ള കെട്ടിപ്പിടുത്തവും ഞെട്ടിച്ചുകളഞ്ഞെന്നായിരുന്നു ട്വിറ്ററില്‍ പലരും പ്രതികരിച്ചത്.

“ന്യൂ വൈല്‍ഡ് സ്റ്റോണ്‍” ആഡ് എന്ന് പറഞ്ഞാണ് ചിലര്‍ ചിത്രം ഷെയര്‍ ചെയ്തത്. ഡൊണാള്‍ഡ് ട്രംപിനേയും മാര്‍ക് സക്കര്‍ബര്‍ഗിനേയും അങ്ങോട്ട് കെട്ടിപ്പിടിക്കുന്ന മോദിയ്ക്ക് എല്ലാംകൂടി ചേര്‍ത്ത് രാഹുല്‍ കൊടുത്തെന്ന് പറഞ്ഞും ചിലര്‍ ചിത്രം ഷെയര്‍ ചെയ്യുന്നുണ്ട്.

Highlights: ഇതാണ് ബി.ജെ.പിയേയും മോദിയേയും വിറപ്പിച്ച രാഹുലിന്റെ ആ പ്രസംഗം

ഇത് നല്ല തന്ത്രമാണ്. രാഹുല്‍ നന്നായി തന്നെ ചെയ്തു. ബി.ജെ.പിയുടെ പരാജയങ്ങള്‍ പ്രസംഗത്തിലൂടെ ഉയര്‍ത്തിക്കാട്ടി. ഒടുവില്‍ മോദിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു. മോദിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ വ്യത്യസ്തരായിരിക്കു എന്ന് രാഹുല്‍ ഇന്ത്യയ്ക്ക് കാണിച്ചുകൊടുത്തു.

സ്‌നേഹവും സാഹോദര്യവുമാണ് വേണ്ടത് വെറുപ്പല്ല എന്നായിരുന്നു ശ്രീവാസ്ത എന്ന മറ്റൊരു യൂസറുടെ കമന്റ്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ ചരിത്ര നിമിഷം. മൊത്തം ബി.ജെ.പിയും ഞെട്ടിത്തരിച്ചു. വാട്ട് എ ഡേ… എന്നായിരുന്നു മറ്റൊരു കമന്റ്.
രാഹുല്‍ നിങ്ങളാണ് ശരി കോണ്‍ഗ്രസ് എന്താണെന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തു എന്നായിരുന്നു മറ്റൊരു കമന്റ്.

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം ആരംഭിച്ചത്.

രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷത്തുനിന്നും ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഭരണപ്രതിഷേധത്തെ വകവെക്കാതെ രാഹുല്‍ പ്രസംഗം തുടരുകയായിരുന്നു.

പാര്‍ലമെന്റില്‍ ഇന്ന് രാഹുലിന്റെ ദിനം

റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടു കള്ളം പറഞ്ഞെന്നും വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട് കള്ളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ മോദിക്കെതിരെ ഉയര്‍ത്തിയത്. റാഫേല്‍ ഇടപാടില്‍ ഒരാള്‍ക്ക് മാത്രമാണ് ലാഭമുണ്ടായതെന്നും പ്രധാനമന്ത്രിയുടെ സുഹൃത്തിന് 45000 കോടി രൂപയുടെ ലാഭം ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ഇതോടെ പ്രകോപിതരായ ഭരണപക്ഷം രാഹുല്‍ തെളിവുകള്‍ സഭയില്‍ വെക്കണമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് സഭയില്‍ വാക്തര്‍ക്കവും ബഹളവും രൂക്ഷമായി തുടര്‍ന്ന് സ്പീക്കര്‍ 2 മണി വരെ സഭ നിര്‍ത്തിവെച്ചിരുന്നു.