ന്യൂദല്‍ഹി: എയര്‍ഫോഴ്‌സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ കായികരംഗം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, സാനിയ മിര്‍സ, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്വാള്‍, തുടങ്ങി നിരവധി പേരാണ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
“വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു” എന്നാണ് ടെന്നീസ് താരം സാനിയ മിര്‍സ ട്വറ്ററില്‍ കുറിച്ചത്.
“അഭിനന്ദന്‍ തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നൂ” എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്.
അഭിനന്ദനെ കൈമാറുന്ന വേളയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്ഥാന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. “സമാധാനത്തിന്റെ സന്ദേശ”മെന്ന നിലയില്‍ അഭിനന്ദന്‍ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.