| Monday, 18th November 2019, 12:17 am

'നിങ്ങള്‍ ഇവിടെ വി.സിയായാണു നിയമിതനായത്, തിഹാര്‍ ജയിലിന്റെ സൂപ്രണ്ടായല്ല'; ജെ.എന്‍.യുവില്‍ വി.സിക്കെതിരെ പ്രസംഗിച്ച് കെ.കെ രാഗേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് കെ.കെ രാഗേഷ്. താങ്കള്‍ ജെ.എന്‍.യുവിന്റെ വി.സിയായാണു നിയമിതനായതെന്നും തിഹാര്‍ ജയിലിന്റെ സൂപ്രണ്ടല്ലെന്നും രാഗേഷ് വി.സിയോടു പറഞ്ഞു.

സി.പി.ഐ.എം നേതാവ് മുഹമ്മദ് സലീമിനൊപ്പം കാമ്പസ് സന്ദര്‍ശിക്കവെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്.

‘താങ്കള്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു. ഞാന്‍ ഇവിടെ വരരുതെന്ന് ആവശ്യപ്പെട്ട് ഇവിടത്തെ രജിസ്ട്രാറില്‍ നിന്ന് എനിക്കൊരു മെയില്‍ ലഭിച്ചിരുന്നു. വൈസ് ചാന്‍സലറും അധികൃതരും ഇതൊരു ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമല്ലെന്നു മനസ്സിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ഒരു വി.സിക്കും അതു തടയാന്‍ കഴിയില്ല. നിങ്ങള്‍ ജെ.എന്‍.യുവിന്റെ വി.സിയായാണു നിയമിതനായത്, തിഹാര്‍ ജയിലിന്റെ സൂപ്രണ്ടായല്ല. അധികൃതരുടെ ജനാധിപത്യ വിരുദ്ധമായ സമീപനത്തെ വെല്ലുവിളിക്കാന്‍ തക്ക ധൈര്യമുള്ള സ്ഥാപനമാണിത്.

അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിക്കു പോലും ജെ.എന്‍.യു കാമ്പസില്‍ കയറാന്‍ കഴിയില്ലായിരുന്നു. ഇതാണീ സര്‍വകലാശാലയുടെ പാരമ്പര്യം. ഒന്നും പറയാതെതന്നെ സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നത് അംബാനി-ബിര്‍ളമാരുടെ ശുപാര്‍ശകളാണ്. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നതായിരിക്കും ഈ സമിതിയുടെ അടുത്ത നിര്‍ദ്ദേശം.

ഇതുകൊണ്ടാണ് വി.സി ഇവിടെ ജനാധിപത്യ വിരുദ്ധമായ ചുവടുകള്‍ വെയ്ക്കുന്നത്. നമ്മുടെ ജനാധിപത്യം ഭീഷണിയിലാണ്. പ്രമാണിവര്‍ഗത്തിനു വേണ്ടിയുള്ള സര്‍വകലാശാലയാക്കാനാണ് ഇവിടെ ശ്രമങ്ങള്‍ നടക്കുന്നത്. ഈ വിഷയം ഞങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.’- രാഗേഷ് പറഞ്ഞു.

ഇവിടെ നടക്കുന്ന ശ്രമങ്ങള്‍ വിദ്യാഭ്യാസച്ചെലവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു സലീം പറഞ്ഞത്. ‘വിദ്യാഭ്യാസത്തിനു വേണ്ടി പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഗോശാലകള്‍ക്കു വേണ്ടി വിനിയോഗിക്കും.

ജെ.എന്‍.യു ഇവിടെയില്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമുള്ള ചിലരെങ്കിലും ഉണ്ടാകില്ലായിരുന്നു.’- അദ്ദേഹം പറഞ്ഞു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ രണ്ടാഴ്ചത്തോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു സമരത്തിനെതിരെ ജെ.എന്‍.യു അധികൃതര്‍ പറഞ്ഞത്. തിങ്കളാഴ്ച ഈ വിഷയം ഉന്നയിച്ച് എസ്.എഫ്.ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more