ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ ഐ.ടി. നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. എം.പി. ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികളുമായി നടത്തിയ പാര്‍ലമെന്ററി യോഗത്തിനിടെയാണ് വിമര്‍ശനം. ഇന്ത്യയിലെ നിയമത്തിന് അതീതരല്ല ട്വിറ്റര്‍ എന്നായിരുന്നു എം.പിയുടെ പരാമര്‍ശം.
ബി.ജെ.പി. എം.പിമാരായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, സെയ്ദ് സഫര്‍ ഇസ്‌ലാം, നിഷികാന്ത് ദുബൈ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടന്‍ അറിയിക്കാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികള്‍ പറഞ്ഞത്.
അതിനിടെ ഇന്ത്യയില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നും നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.
രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.