നിങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം മോദി: ബിഹാര്‍ മന്ത്രി
national news
നിങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം മോദി: ബിഹാര്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 6:25 pm

മുസാഫര്‍പുര്‍: കൊവിഡ് 19 പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്ത് നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാര്‍ മന്ത്രി റാം സൂറത്ത് റായ്. ജനങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസാഫര്‍പുരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം കൊവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സമയത്ത് വാക്‌സിന്‍ വികസിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി’, മന്ത്രി പറഞ്ഞു.

ഇപ്പോഴും പല രാജ്യങ്ങളും കൊവിഡ് പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി വളരെ വേഗത്തില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. പാകിസ്ഥാനിലുള്ളവരോട് സംസാരിച്ചു നോക്കൂ, അവിടത്തെ അവസ്ഥ എന്താണെന്ന് മാധ്യമങ്ങളില്‍ കൂടി നമുക്ക് മനസിലാകും. എന്നാല്‍ ഇന്ത്യക്കാര്‍ ഇപ്പോഴും സമാധാനത്തിലാണെന്നും റാം സുറത്ത് റായ് പറഞ്ഞു.

അതേസമയം, കൊവിഡില്‍ ഇന്ത്യയുടെ നയങ്ങള്‍ ലോകരാജ്യങ്ങള്‍ പ്രശംസിച്ചിരുന്നുവെന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. രാഷ്ട്രപതിയായി ചുമതലയേറ്റ ദിവസം നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുര്‍മുവിന്റെ പരാമര്‍ശം.

കൊവിഡ് വ്യാപനത്തെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടുവെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത ഉറപ്പാക്കിയെന്നുമായിരുന്നു ദ്രൗപതി മുര്‍മുവിന്റെ പ്രസ്താവന.

2020 ജനുവരിയിലാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ദശലക്ഷക്കണക്കിന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കിടക്കകളും ഓക്‌സിജനും ലഭ്യമല്ലാത്തതിനാല്‍ ശ്വാസം മുട്ടുന്ന ജനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ കൂട്ടത്തോടെ മരിച്ച് വീഴുന്ന വാര്‍ത്തകള്‍ അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ നിറഞ്ഞിരുന്നു.

വിവേകപൂര്‍വം രാജ്യത്തെ കൊവിഡ് വ്യാപനത്തെ സര്‍ക്കാര്‍ സമീപിക്കാതിരുന്നതിനെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. രാഷ്ട്രീയം മാറ്റിനിര്‍ത്തിക്കൊണ്ട്, സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഒരു പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല എന്നതുമായിരുന്നു ആഭ്യന്തര തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം.

ഒരു ഘട്ടത്തില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പോലും രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഒരുലക്ഷം കടന്നിരുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.ഡി.എം.എ) വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ എന്‍.ഡി.എം.എ തലവനായ പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കണ്ടില്ലെന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു.

Content Highlight: You are alive bacause of prime minister narendra modi said Bihar minister