| Sunday, 21st April 2024, 8:00 am

'ആര്‍.എസ്.എസിനെ നേരിടാന്‍ കോണ്‍ഗ്രസിനാകുമോ?'; തെലങ്കാനയില്‍ മദര്‍ തെരേസ സ്‌കൂള്‍ ആക്രമിക്കപ്പെട്ടതില്‍ മാര്‍ മിലിത്തോസ് മെത്രാപൊലീത്താ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മല്ലപ്പള്ളി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാകുന്നില്ലെന്ന വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപൊലീത്താ. തെലങ്കാനയില്‍ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ മതവസ്ത്രം ധരിച്ചുവന്നതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്നും തെലങ്കാനയില്‍ യൂണിഫോമിന് പകരം മതവസ്ത്രം ധരിച്ചത് ചോദ്യം ചെയ്തതിന് സ്‌കൂള്‍ അടിച്ചുതകര്‍ത്തു. ഈ രണ്ടിടങ്ങളിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. രണ്ടിടങ്ങളില്‍ രണ്ട് നീതി വിധിക്കുന്നത് ഒരേ കക്ഷിതന്നെയാണെന്നും മെത്രാപൊലീത്താ പറഞ്ഞു.

തെലങ്കാന ഭരിക്കുന്ന കോണ്‍ഗ്രസ് ഇത്തരം വര്‍ഗീയ നീക്കങ്ങളെ ചെറുക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു എന്നും മാര്‍ മിലിത്തോസ് മെത്രാപൊലീത്താ പറഞ്ഞു. ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയ നിലപാടുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്ന സംശയം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആശങ്കാജനകമാണ്. നിലവിലെ ഭരണമുന്നണി മതനിരപേക്ഷത ഇല്ലാതാക്കുകയാണ്. ഇന്ത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസായിരുന്നു ഇത്തരം നയങ്ങളെ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. മതനിരപേക്ഷതയും ഇന്ത്യയുടെ ഭരണഘടനയും സംരക്ഷിക്കുന്ന ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും മാര്‍മിലിത്തോസ് മെത്രാപൊലീത്താ പറഞ്ഞു.

ഏപ്രില്‍ 16നാണ് തെലങ്കാനയിലെ ലുക്‌സിപ്പെട്ടിയിലുള്ള മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂളിലേക്ക് യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ചു വന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. തീവ്രഹിന്ദുത്വ സംഘടനയായിരുന്നു ആക്രമണം നടത്തിയത്. ഇവര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും സ്‌കൂളിന് മുന്നിലുള്ള മദര്‍ തെരേസയുടെ രൂപം എറിഞ്ഞുടക്കുകയും ചെയ്തു.

മലയാളി വൈദികനുള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയും ഇവരെകൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അക്രമികളായ 12 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

content highlights: Yohanon Mar Meletios Metropolitan expresses concern over attack on Mother Teresa School in Telangana

Latest Stories

We use cookies to give you the best possible experience. Learn more