| Saturday, 11th September 2021, 11:22 pm

സവര്‍ണ ഹിന്ദുത്വം നടപ്പാക്കാന്‍ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന അജണ്ടയില്‍ ക്രൈസ്തവ സഭകള്‍ പെട്ടുപോകുന്നു; യൂഹാനോന്‍ മാര്‍ മിലീത്തിയോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സവര്‍ണ ഹിന്ദുത്വം നടപ്പാക്കുന്നതിനായി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന അജണ്ടയില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ പെട്ടുപോകുകയാണെന്ന് ഓര്‍ത്തോഡോക്‌സ് സഭ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലീത്തിയോസ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു യൂഹാനോന്‍ മാര്‍ മീലിത്തിയോസ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. നര്‍ക്കോട്ടിക്‌സ് ഒരു സാമൂഹ്യ വിപത്താണ്, അത് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്, ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും കൃസ്ത്യാനികളേയും ഇതൊന്നുമല്ലാത്തവരേയും ബാധിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ അതിനെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദ് എന്ന വാക്ക് അറബി വാക്കാണ്, വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ സ്വയശുദ്ധീകരണം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ആ വാക്കിനെ ഒരു തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ നേതൃത്വത്തിലുള്ള ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചു കൂടാത്ത ഒരു വാക്കാണ് നാര്‍ക്കോട്ടിക്‌സ് എന്ന വാക്കുമായി ബന്ധപ്പെടുത്തി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പശ്ചാലത്തില്‍ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചു കൊണ്ട് സവര്‍ണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള ഒരു വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ഈ പ്രസ്താവനയോട് ആരാണ് ആദ്യം പ്രതികരിച്ചതെന്ന് നോക്കിയാല്‍ മനസിലാകും.

ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആ അജണ്ടയില്‍ ക്രൈസ്തവ സഭ പെട്ട് പോകുന്നെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം ആളുകള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കിലും വേണ്ട വിധത്തിലാണ് ഇത് പ്രതികരിക്കുന്നതെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ നാട്ടില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ഉണ്ടാക്കിയത് ഞങ്ങള്‍ തന്നെയാണ്, ഏറ്റവും കൂടുതല്‍ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകള്‍ വ്യാപകമായതിലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

We use cookies to give you the best possible experience. Learn more