| Sunday, 29th April 2018, 11:50 am

'യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ ധോണി'; അശ്വിന്‍ ധോണിയുടെ ഏജന്റെന്നും യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ യുവരാജ് സിങ് കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് തിരികെയെത്തിയെങ്കിലും താരത്തിനു ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആദ്യ കളികളിലെല്ലാം താരത്തിനു ടീമില്‍ സ്ഥാനം നല്‍കി പഞ്ചാബ് ടീം യുവിയ്ക്ക് അര്‍ഹിച്ച പരിഗണന നല്‍കുകയും ചെയ്തു.

എന്നാല്‍ ടീം പ്രതീക്ഷിച്ച പ്രകടനം താരം കാഴ്ചവെക്കാതെ വന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് യുവിയെ പുറത്തിരുത്തുകയും മനോജ് തിവാരിയെ ടീമിലെടുക്കുകയും ചെയ്തു. യുവിയ്ക്ക് അവസരം നഷ്ടപ്പെട്ടതോടെ നായകന്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ്.

മകനെ ഒഴിവാക്കിയത് മനപൂര്‍വ്വമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അശ്വിനും ധോണിയുമാണെന്നാണ് യോഗ്രാജിന്റെ ആരോപണം.”യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് മനപൂര്‍വ്വമാണ്. ഇതിനു പിന്നില്‍ ധോണിയാണ്. അശ്വിന്‍ ധോണിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. യുവിയുടെ കരിയര്‍ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. വേണ്ടിവന്നാല്‍ ക്രിസ് ഗെയ്‌ലിനെ അവര്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തെന്നിരിക്കും. എന്നാലും എന്റെ മകനെ അവര്‍ പരിഗണിക്കില്ല” അദ്ദേഹം പറഞ്ഞു.

നേരത്തെയും യുവിയെ ദേശീയ ടീമില്‍ പരിഗണിക്കാത്തതിന്റെ കാരണം ധോണിയൊണെന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് യോഗ്‌രാജ് സിങ്. എന്നാല്‍ ഇതിനെ തള്ളി യുവരാജ് തന്നെ അന്ന് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മത്സരത്തില്‍ യുവാജിനെ പുറത്തിരുത്തിയതിനെതിരെ രൂക്ഷ പ്രതികരണവുമായി പിതാവ് രംഗത്തെത്തിയത്.

യുവിയില്ലാതെ ഹൈദരാബാദിനെ നേരിടാനിറങ്ങിയ പഞ്ചാബ് 13 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. സീസണില്‍ ഇതുവരെയും ടി- ട്വന്റി സ്‌പെഷ്യലിസ്റ്റായ യുവിയ്ക്ക് ഫോമിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് മാത്രമാണ് യുവിക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത്.

We use cookies to give you the best possible experience. Learn more