| Sunday, 12th January 2025, 10:14 pm

'എന്നെ പോലെ പത്ത് ശതമാനമെങ്കിലും യുവരാജ് പുറത്തെടുത്തിരുന്നെങ്കില്‍, അവനൊരു മികച്ച ക്രിക്കറ്ററായി മാറുമായിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ യുവരാജ് സിങ് തന്റെ മുഴുവന്‍ പൊട്ടെന്‍ഷ്യലും പുറത്തെടുത്തില്ല എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ താരവും യുവരാജിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. തന്നെ പോലെ കഴിവിന്റെ പത്ത് ശതമാനമെങ്കിലും പുറത്തെടുത്തിരുന്നെങ്കില്‍ യുവരാജ് മികച്ച ക്രിക്കറ്ററായി മാറുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ് സിങ്.

‘യുവരാജ് സിങ്, അവന്‍ അവന്റെ അച്ഛനെ പോലെ പത്ത് ശതമാനമെങ്കിലും പരിശ്രമിച്ചിരുന്നെങ്കില്‍ മികച്ച ക്രിക്കറ്ററായി മാറുമായിരുന്നു,’

2011 ലോകകപ്പിനെ കുറിച്ചും യുവരാജ് സിങ്ങിനെ ബാധിച്ച ക്യാന്‍സറിനെ കുറിച്ചുമെല്ലാം അദ്ദേഹം പോഡ്കാസ്റ്റില്‍ സംസാരിച്ചിരുന്നു.

അന്ന് യുവരാജ് മരണപ്പെടുകയും ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഏറെ അഭിമാനിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

‘യുവരാജ് ക്യാന്‍സറിനോട് പരാജയപ്പെട്ട് മരണമടയുകയും ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തിരുന്നെങ്കില്‍ എന്റെ മകനെ ഓര്‍ത്ത് ഏറെ അഭിമാനം തോന്നുമായിരുന്നു. ഇക്കാര്യം ഞാന്‍ അവനോട് പറയുകയും ചോര തുപ്പി പിച്ചില്‍ വീണപ്പോള്‍ അവനോട് മത്സരം തുടരാനുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ അവനോട് പറഞ്ഞു, നീയിപ്പോള്‍ മരിക്കില്ല, ഇന്ത്യക്കായി ലോകകപ്പ് നേടും,’

എന്നാല്‍ ക്യാന്‍സറിനെ തോല്‍പിച്ച് ഇന്ത്യയ്ക്കായി കിരീടം നേടിക്കൊടുത്ത യുവരാജിന് പിന്നീട് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെ താരം 2019 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.

യുവരാജ് സിങ്ങിന്റെ കരിയര്‍ ഇല്ലാതാക്കിയതില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പങ്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ പ്രതികരിച്ചിരുന്നു.

‘ഞാന്‍ വിരാടിന് കീഴില്‍ അധികം കളിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ രീതികള്‍ വ്യത്യസ്തമാണ്. എല്ലാവരും തന്റെ അതേ നിലവാരം പുലര്‍ത്തണമെന്നാണ് അദ്ദേഹം കരുതുന്നത്. പൊതുവേ ക്രിക്കറ്റില്‍ രണ്ടു തരം ക്യാപ്റ്റന്‍മാര്‍ ഉണ്ടാകും. ഒന്നുകില്‍ തന്റെ വഴിക്ക് വരിക അല്ലെങ്കില്‍ ടീമിന് പുറത്തുപോകുക എന്നതാണ് കോഹ്‌ലിയുടെ സ്‌റ്റൈല്‍. എന്നാല്‍ മറ്റു ചില ക്യാപ്റ്റന്‍മാര്‍ സഹതാരങ്ങളെക്കൂടി ചേര്‍ത്തുനിര്‍ത്തും. ഈ രണ്ട് രീതികള്‍ക്കും ഗുണവും ദോഷവുമുണ്ട്”

യുവരാജിന്റെ കാര്യം തന്നെയെടുക്കാം. യുവരാജ് ക്യാന്‍സറിനെ തോല്‍പ്പിച്ചവനാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാനും ശ്രമം നടത്തി. യുവരാജ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്നവനാണ്. വിജയത്തില്‍ മറ്റു താരങ്ങളുണ്ടായിരുന്നുവെങ്കിലും യുവരാജിന്റെ പങ്ക് വളരെ വലുതായിരുന്നു.

ടീമിലേക്ക് മടങ്ങിവരാനായി ഫിറ്റ്‌നസ് ടെസ്റ്റില്‍ രണ്ട് പോയന്റുകളുടെ ഇളവ് യുവരാജ് ചോദിച്ചിരുന്നു. എന്നാല്‍ ഇതു നല്‍കാന്‍ വിരാടും തലപ്പത്തുള്ളവരും തയാറായില്ല. നിങ്ങള്‍ ക്യാപ്റ്റനാകുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ ഫിറ്റ്‌നസ് മാനദണ്ഡങ്ങളുണ്ടാകും. പക്ഷേ അത്തരം നിയമങ്ങള്‍ ചിലര്‍ക്ക് വേണ്ടി ലഘൂകരിക്കണം.

കാരണം അയാള്‍ അര്‍ബുദത്തെ അതിജീവിച്ചവനും മുമ്പ് ടൂര്‍ണമെന്റുകള്‍ നേടിത്തന്നവനുമാണ്. ജീവിതത്തിലെ ഏറ്റവും കഠിനമായ ബുദ്ധിമുട്ടുകളാണ് അവന്‍ മറികടന്നത്. യുവരാജ് പിന്നീട് ഫിറ്റസ് ടെസ്റ്റ് വിജയിച്ചെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫോമിലെത്താന്‍ സാധിച്ചില്ല. ഇതോടെ ടീമിന് പുറത്തായി. പിന്നീട് അദ്ദേഹത്തിന് മുന്നില്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞില്ല,’ എന്നായിരുന്നു ഉത്തപ്പ പറഞ്ഞത്.

Content Highlight: Yograj Singh talks about Yuvraj Singh

We use cookies to give you the best possible experience. Learn more