Sports News
അവന്‍ ഒരു മാച്ച് വിന്നറാണ്, എന്നാല്‍ ആദം സാംപയ്‌ക്കെതിരായ ആ ഷോട്ട് ഒഴിവാക്കാമായിരുന്നു; പ്രസ്താവനയുമായി യോഗ്‌രാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 11:22 am
Wednesday, 5th March 2025, 4:52 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലി 98 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സ് നേടി തിളങ്ങി. ആദം സാംപയുടെ പന്തില്‍ ഡ്വാര്‍ഷിസിന്റെ കയ്യിലെത്തുകയായിരുന്നു വിരാട്.

എന്നാല്‍ ആദം സാംപയുടെ പന്ത് വിരാടിന് ഒഴിവാക്കാമായിരുന്നെന്നും സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നെന്നും പറയുകയാണ് യോഗ്‌രാജ് സിങ്. മകന്‍ യുവരാജ് സിങ്ങിനെപോലെ തന്നെയാണ് വിരാടെന്നും, താരം മത്സരം ഫിനിഷ് ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ചെന്നും യോഗ്‌രാജ് പറഞ്ഞു.

‘വിരാട് കോഹ്‌ലി ഒരു മാച്ച് വിന്നറാണ്, പക്ഷേ ആദം സാംപയ്ക്കെതിരായ ആ ഷോട്ട് അദ്ദേഹം ഒഴിവാക്കണമായിരുന്നു. എന്റെ മകനെപ്പോലെയായതിനാല്‍ അദ്ദേഹം കളി പൂര്‍ത്തിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വിരാടിന് ഒരു സെഞ്ച്വറി നേടാമായിരുന്നു, പക്ഷേ ഇന്ത്യ തോറ്റിരുന്നെങ്കില്‍ അത് പാഴായേനെ. ആളുകള്‍ വിരാടിനെയും രോഹിത് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ലക്ഷ്യംവെക്കരുത്, അവരുടെ വിമര്‍ശനം അവസാനിപ്പിക്കണം,’ യോഗ്‌രാജ് സിങ് പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 45 റണ്‍സും കെ.എല്‍. രാഹുല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 42 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യ 28 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 റണ്‍സും നേടിയാണ് പുറത്തായത്.

ഫൈനലിലേക്ക് പ്രവേശിച്ച ഇന്ത്യയ്ക്ക് ഇനി അറിയാനുള്ളത് എതിരാളികള്‍ ആരാണെന്നാണ്. ഇന്ന് സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡുമുള്ള സെമി ഫൈനല്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. ദുബായിലാണ് ഫൈനല്‍ മത്സരത്തിന്റെ വേദി.

Content Highlight: Yograj singh Talking About Virat Kohli