രോഹിത്തിനെ ഓപ്പണിങ്ങില്‍ നിന്നും മാറ്റിയാല്‍ ലോകകപ്പ് നേടാം; ഇന്ത്യക്ക് ഉപദേവുമായി യോഗ്‌രാജ് സിങ്
Sports News
രോഹിത്തിനെ ഓപ്പണിങ്ങില്‍ നിന്നും മാറ്റിയാല്‍ ലോകകപ്പ് നേടാം; ഇന്ത്യക്ക് ഉപദേവുമായി യോഗ്‌രാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th September 2023, 8:26 pm

 

അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പായതിനാല്‍ ഒരുപാട് പ്രതീക്ഷളുമായാണ് ഇക്കുറി ടീം ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി താരങ്ങളെല്ലാം ഫോമിലേക്കെത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നുണ്ട്.

ഇതിനിടയില്‍ ഇന്ത്യന്‍ ടീമിന് വ്യത്യസ്ഥമായ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ അച്ചനും ക്രിക്കറ്ററുമായ യോഗ്‌രാജ് സിങ്. ഓപ്പണിങ്ങില്‍ സര്‍പ്രൈസിങ്ങായൊരു കോമ്പിനേഷനാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ നായകനും പ്രധാന ഓപ്പണറുമായ രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ നിന്നും മാറ്റണമെന്നും പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ലെഫ്റ്റ് ഹാന്‍ഡ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്നാണ് യോഗ്‌രാജിന്റെ അഭിപ്രായം. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ ഇന്ത്യന്‍ ടീമിന് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘ഓപ്പണിങ്ങില്‍ വലംകൈ-ഇടംകൈ കോമ്പിനേഷന്‍ വേണ്ടത് വളരെ പ്രധാനമാണ്. നമുക്ക് അല്‍പം പിറകിലേക്കു പോവാം. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇടംകയ്യനായ സൗരവ് ഗാംഗുലിയുമായിരുന്നു ഒരു സമയത്ത് നമ്മുടെ ടീമിനായി ഓപ്പണ്‍ ചെയ്തിരുന്നത്. ഇടംകൈ വലംകൈ കോമ്പിനേഷന്‍ വന്നപ്പോള്‍ 75 ശതമാനം മത്സരങ്ങളില്‍ ടീമിനു വളരെ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്,’ യോഗ്‌രാജ് പറഞ്ഞു.

2002ല്‍ ഇംഗ്ലണ്ടുമായുള്ള നാറ്റ് വെസ്റ്റ് ട്രോഫി ഫൈനല്‍ പലരും മറന്നിട്ടുണ്ടാവില്ല. അന്ന് റണ്‍ചേസില്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. അതാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് യോഗ്‌രാജ് വിശ്വസിക്കുന്നത്.

ഗില്ലും കിഷനും ഓപ്പണിങ്ങില്‍ മികച്ച ജോഡികളാകുമെന്നും രോഹിത് മൂന്നാമതും വിരാട് നാലാമതും കളിക്കട്ടയെന്നുമാണ് അദ്ദേഹം പറയുന്നത്.

‘ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണിങില്‍ പെര്‍ഫെക്ട് ജോടികളാണ്. രോഹിത് ശര്‍മ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറില്‍ കളിക്കണം. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലി നാലാം നമ്പറിലേക്കും മാറണം. ഇതാണ് ഏറ്റവും മികച്ച ടോപ്പ് ഫോര്‍. ഈ ലൈനപ്പ് ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ ലോകകപ്പ് നമ്മള്‍ ജയിക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു,’ യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Yograj Singh Says India Can Win Worldcup if they Open the Innings with Shubman Gill and Ishan Kishan