ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നത് രാമഭക്തരോടുള്ള അപമാനമാണെന്നാണ് ബി.ജെ.പിയുടെ പുതിയ വാദം.
‘ഇതുവരെ, കോണ്‍ഗ്രസ് സാധാരണ വേഷത്തിലാണ് പ്രതിഷേധിച്ചിരുന്നത്, എന്നാല്‍ ഇന്ന് അവര്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തര്‍ക്ക് അപമാനമാണ്. രാമജന്മഭൂമിയുടെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ഇന്നത്തെ ദിവസം തന്നെ അവര്‍ കറുത്ത വസ്ത്രം ധരിക്കാന്‍ തെരഞ്ഞെടുത്തത് മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ വിശ്വാസത്തെ അപമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവഹേളിക്കുന്നതിനൊപ്പം അയോധ്യാ ദിവസിനെയും അപമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും യോഗി പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് രാജ്യവ്യാപക സമരം നടത്തിയത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള എം.പിമാരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്‌റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.
രാഹുല്‍ ഗാന്ധി കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്.
വിലക്കയറ്റം, അഗ്‌നിപഥ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
Content Highlight: Yogi says congress wearing black was an insult to rama devotees