ന്യൂദല്‍ഹി: ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകത്തിന് പിന്നാലെ പ്രതിരോധത്തിലായിരിക്കുകയാണ് യോഗി സര്‍ക്കാര്‍.
മുഖ്യമന്ത്രിപദത്തിലേക്ക് രണ്ടാം ഊഴം കാത്തിരിക്കുന്ന യോഗി ആദിത്യനാഥിന് നിലവിലെ സാഹചര്യം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ആദിത്യനാഥിനും അത് കൃത്യമായി അറിയാം.
എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിച്ച് ‘പ്രതിച്ഛായ’ നിലനിര്‍ത്തുക എന്നതാണ് ആദിത്യനാഥിന്റെ ലക്ഷ്യം. കര്‍ഷകരെ ഇടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയാണെന്ന് തെളിഞ്ഞതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദിത്യനാഥും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ആദിത്യനാഥിനെ കണ്ണടച്ച് വിശ്വസിക്കുന്ന സമീപനമാണ് മോദിക്ക്. അതുകൊണ്ടുതന്നെ ആദിത്യനാഥ് എടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ പ്രയാസമൊന്നും ഉണ്ടാവില്ല.
അതേസമയം, ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു. കേസിലെ പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
യു.പി സര്‍ക്കാരിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. ഹരജി പൂജ അവധിയ്ക്ക് ശേഷം പരിഗണിക്കും.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.