ന്യൂദല്‍ഹി: കെജ്‌രിവാളിന് പിന്നാലെ അസദുദ്ദീന്‍ ഒവൈസിയും ഹനുമാന്‍ സൂക്തം ചൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ബി.ജെ.പിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ സൂക്തം ചൊല്ലിയിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ ദല്‍ഹി തെരഞ്ഞെടുപ്പ് റാലിയിലെത്തിയ ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്. ‘ ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ സൂക്തം ചൊല്ലാന്‍ തുടങ്ങി. വരുംനാളുകളില്‍ ഒവൈസിയും ഇതേ സൂക്തം ചൊല്ലാന്‍ തുടങ്ങുന്നത് നിങ്ങള്‍ കാണും. ഇത് തീര്‍ച്ചയായും സംഭവിക്കും.’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അരവിന്ദ് കെജ് രിവാള്‍ അടക്കം പ്രതിപക്ഷത്തുള്ള ആരും തന്നെ ഈ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. അയോധ്യവിധിയും കശ്മീരിന്റെ പ്രത്യേകപദവി നിര്‍ത്തലാക്കിയതും പ്രതിപാദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ആംആദ്മിയും അരവിന്ദ് കെജ്‌രിവാളും പാകിസ്ഥാന്‍ സന്തോഷിക്കുമ്പോള്‍ ആനന്ദിക്കുന്നവരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനിന്റെ അതേ രീതിയിലാണ് ഇവര്‍ സംസാരിക്കുന്നതെന്നും അടക്കമുള്ള പ്രസ്താവനകളും യോഗി ആദിത്യനാഥ് നടത്തിയിരുന്നു.