മൂന്ന് നേരം അധ്യാപകര്‍ സെല്‍ഫി അയക്കണമെന്ന യോഗി സര്‍ക്കാര്‍ നിര്‍ദേശം; പ്രതിഷേധത്തിനൊരുങ്ങി അധ്യാപക സംഘടന
India
മൂന്ന് നേരം അധ്യാപകര്‍ സെല്‍ഫി അയക്കണമെന്ന യോഗി സര്‍ക്കാര്‍ നിര്‍ദേശം; പ്രതിഷേധത്തിനൊരുങ്ങി അധ്യാപക സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 12:45 pm

ലഖ്‌നൗ: യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന സെല്‍ഫി ആപ്പായ പ്രേരണ ആപ്പിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ അവരുടെ ഹാജര്‍ അറിയിക്കാനായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മേലധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന ആപ്പാണ് വിവാദത്തിലായത്. വ്യക്തികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയെ പൂര്‍ണമായും ഹനിക്കുന്ന നടപടിയാണ് ഇതെന്നും ഇതിന് അനുവദിക്കില്ലെന്നും അധ്യാപക സംഘടന അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍മെന്റ് പ്രൈമറി സ്‌കൂള്‍ അപെക്‌സ് ബോഡിയാണ് യോഗിയുടെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയത്. നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ നാലിന് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംഘടന.

സെപ്റ്റംബര്‍ അഞ്ചിന് സെല്‍ഫി ആപ്പ് ലോഞ്ചിങ്ങിന് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് നടപടി. അധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടെന്ന് അറിയാന്‍ വേണ്ടിയാണ് ഇത്തരമൊരു ആപ്പ് കൊണ്ടുവരുന്നത് എന്നായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധ്യാപക സംഘടനയായ പ്രാഥമിക് ശിക്ഷക് സംഘാണ് മൊബൈല്‍ ആപ്ലിക്കേഷനെതിരെ രംഗത്തെത്തിയത്. സ്ത്രീകളായ അധ്യാപകരുടെ മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയമറ്റമാണ് ഇതെന്നും അവരുടെ സ്വകാര്യതയെ ഇത്തരത്തില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. തങ്ങളുടെ ഫോട്ടോകള്‍ ഏത് രീതിയില്‍ ഉപയോഗിക്കപ്പെടുമെന്നോര്‍ത്ത് ആശങ്കയുണ്ടെന്ന് അധ്യാപികമാരും പ്രതികരിച്ചു.

ഒരു ദിവസത്തതില്‍ മൂന്ന് തവണയാണ് സെല്‍ഫി അയക്കേണ്ടത്. രാവിലെ സ്‌കൂളില്‍ എത്തിയ ഉടനും ഉച്ചയ്ക്കും വൈകീട്ട് സ്‌കൂള്‍ വിടുന്നതിന് മുന്‍പായും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നുള്ള സെല്‍ഫിയാണ് അധ്യാപകര്‍ എടുക്കേണ്ടത്. ഇത് മേലുദ്യോഗസ്ഥര്‍ക്ക് അയക്കണമെന്നുമായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇത്തരമൊരു ഫോട്ടോ ആപ്പ് വനിതാ അധ്യാപകരുടെ ഫോട്ടോഗ്രാഫുകള്‍ ചോര്‍ത്തുകയും ദുരുപയോഗം ചെയ്യുകയും അവരുടെ ജീവിതത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് സംഘ് സംസ്ഥാന പ്രസിഡന്റ് സുശീല്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

ഇത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് മേലുള്ള ലംഘനമാണ്. അവരുടെ ഫോട്ടോഗ്രാഫുകള്‍ ദുരുപയോഗം ചെയ്താല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നതായ വാര്‍ത്തകള്‍ നിരന്തരമായി കേള്‍ക്കുന്നു. മാത്രമല്ല, ഹാജര്‍ അടയാളമായി വിദ്യാര്‍ത്ഥികളുമായി ഒരു സെല്‍ഫി ക്ലിക്കുചെയ്യുന്നതും പ്രായോഗികമായ ആശയമല്ല.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ വന്നാല്‍ സെല്‍ഫി അപ്ലോഡ് ചെയ്തിട്ടില്ലെന്ന പേരില്‍ എങ്ങനെ ഹാജരില്ലെന്ന് പറയാനാകും- എന്നാണ് ലഖ്നൗവിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ ചോദിക്കുന്നത്. ഒരിക്കലും ഇത്തരമൊരു നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.