രാജ്യ വിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണ്, ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് യോഗി
national news
രാജ്യ വിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണ്, ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് യോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2023, 2:13 pm

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യ വിരുദ്ധതയാണ് ജോഡോ യാത്രയിലൂടെ പ്രചരിപ്പിക്കുന്നതെന്നും ശത്രുക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി.

‘അവരുടെ യാത്രയുടെ ഉദ്ദേശം എന്താണ്? അത് രാജ്യത്തെ ഒന്നിപ്പിക്കാനാണെങ്കില്‍ അതവര്‍ പ്രവര്‍ത്തനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും പ്രതിഫലിപ്പിക്കണം.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി പറയുന്നത് പോലെ രാഷ്ട്രമാണ് വലുത്, ഞങ്ങള്‍ പാര്‍ട്ടിക്ക് മുകളില്‍ രാജ്യത്തെ കാണുന്നു.

എന്നാല്‍ പലര്‍ക്കും പാര്‍ട്ടി രാജ്യത്തിനും മുകളിലാണ്. തവാങ് സംഭവവും മറ്റ് ചില വിഷയങ്ങളിലും അവര്‍ നടത്തിയ പ്രസ്താവനകള്‍ രാജ്യത്തെ ബന്ധിപ്പിക്കാനല്ല, ഭിന്നത വര്‍ധിപ്പിക്കാനും ശത്രുക്കളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രസ്താവനകളാണ്,’ യോഗി പറഞ്ഞു.

രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നാണ് ആചാര്യ സത്യേന്ദ്ര ദാസ് ജോഡോ യാത്രക്ക് ആശംസകളറിയിച്ചുകൊണ്ട് പറഞ്ഞത്. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്.

നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും, നിങ്ങളുടെ ദീര്‍ഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും കത്തില്‍ കുറിച്ചു.

ഇത്തരമൊരു ഉദ്യമത്തിനായി രാഹുല്‍ ഗാന്ധി ഇറങ്ങിപ്പുറപ്പെട്ടതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ചമ്പത് റായ് പറഞ്ഞത്.

കാല്‍നടയായി രാജ്യം മുഴുവന്‍ നടക്കുന്ന യുവാവിനെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

താന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ലെന്നും ചമ്പത് റായ് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിപ്പോള്‍ ഉത്തര്‍പ്രദേശിലാണ് പര്യടനം നടത്തുന്നത്. യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ജനുവരി 30ന് കശ്മീരിലവസാനിക്കും.

2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ 3,000 കിലോമീറ്ററിലധികം ദൂരം കടന്നുപോയി.

Content Highlight: Yogi questioning Bharat Jodo Yatra intention