| Monday, 7th June 2021, 9:22 am

മന്ത്രിസഭ പുന: സംഘടന വേണമെന്നു മോദി, എതിര്‍ത്തു യോഗി; യു.പിയില്‍ മോദി-യോഗി പോരു മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പിനു ഒരു വര്‍ഷം ബാക്കിനില്‍ക്കെ യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരു മുറുകുന്നു. മന്ത്രിസഭ പുനസംഘടിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു യോഗി.

കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ യോഗി സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ നിരവധി എം. എല്‍. എ. മാര്‍ രംഗത്തുവന്ന സാഹചര്യത്തിലാണു മന്ത്രിസഭ പുന: സംഘടന വേണ്ടിവരുമെന്ന് അഭിപ്രായമുയര്‍ന്നത്.

പുന: സംഘടനയിലൂടെ തന്റെ വിശ്വസ്തനായ എ. കെ ശര്‍മ്മയെ ഉപമുഖ്യമന്ത്രിയാക്കാനാണ് മോദിയുടെ നീക്കം. എന്നാല്‍ ആര്‍. എസ്. എസ്. പിന്തുണയ്ക്കുന്ന യോഗിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് അത്ര എളുപ്പമല്ലെന്നു കേന്ദ്ര സര്‍ക്കാരിനും അറിയാം.

എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ കേന്ദ്രസര്‍ക്കാര്‍ അതു മറച്ചുപിടിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നേരെ തിരിയുന്നുവെന്നാണു യോഗി അനുകൂലികള്‍ പറയുന്നത്.

ബി. ജെ. പി. യ്ക്കു കാര്യമായ സ്വാധീനമുള്ള യു.പിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പു നല്‍കുന്നുണ്ട്. യോഗിയുടെ ഭരണ രീതിയും കൊവിഡ് പ്രതിരോധത്തിലെ ആലംഭാവവുമാണ് ഈ സ്ഥിതിയിലെത്തിച്ചതെന്നാണു ബി. ജെ. പി. നേതൃത്വം പറയുന്നത്.

ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേട്ടം കൊയ്യാന്‍ കാരണവും ഇതാണെന്നും വിലയിരുത്തുന്നു. ഇങ്ങനെ പോയാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി. യ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയിലാണ് മോദിയും അമിത് ഷായും.

അതേസമയം യു.പി. ബി. ജെ. പി. യില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ചുമതലയുള്ള പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിംഗ് ഗവര്‍ണറെ കണ്ടതും മന്ത്രിസഭാ പുന: സംഘടന ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

യോഗിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥ് തന്നെ നയിക്കുമെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണു നേതൃത്വം. ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തുമെങ്കിലും അണിയറയില്‍ ശക്തരായ മറ്റുചിലര്‍ ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Yogi- Modi Arrogance Over Uttarpradesh Election

We use cookies to give you the best possible experience. Learn more