| Friday, 29th July 2022, 2:38 pm

യോഗി മോഡല്‍ ഏതായാലും കര്‍ണാടകയില്‍ നടക്കില്ല, ബി.ജെ.പി സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ദുരിതം: എച്ച്. ഡി. കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: യോഗി മോഡല്‍ കര്‍ണാടകയില്‍ നടക്കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്ർ (എസ്) (ജെ.ഡി.എസ്) നേതാവുമായ എച്ച്. ഡി. കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി സംസ്ഥാനത്തം നേരിടുന്ന ഏറ്റവും വലിയ  ദുരിതമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംസ്ഥാനത്തെ വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാത പിന്തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്.

ആയിരം മോദിമാര്‍ കര്‍ണാടകയില്‍ വന്നാലും അവരുടെ മാതൃക പ്രവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പറ്റിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച
ബി.ജെ.പി യുവമോര്‍ച്ച അംഗം പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ ശിക്ഷ നല്‍കുമെന്ന ഉറപ്പ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ കുടുംബത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇരയുടെ ബന്ധുക്കള്‍ക്ക് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ ഷഫീഖ് ബല്ലേരെ, സക്കീര്‍ സവനൂര്‍ എന്നിവരെ മംഗലാപുരം പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന പ്രവീണ്‍ നെട്ടറുവിനെ അജ്ഞാതര്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തെത്തുടര്‍ന്ന്, ഹിന്ദു പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊള്ളുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പിയും സംഘപരിവാര്‍ അനുകൂലികളും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം പ്രവർത്തകന്റെ മരണത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച ദേശീയ അധ്യക്ഷനും എം.പിയുമായ തേജസ്വി സൂര്യ രം​ഗത്തെത്തിയിരുന്നു. കോൺഗ്രസ് ആണ് ഈ സമയത്ത് ഭരിച്ചിരുന്നതെങ്കിൽ മിനിമം കല്ലെങ്കിലും എറിയാമായിരുന്നു എന്നായിരുന്നു യുവമോർച്ച നേതാവ് തേജസ്വി സൂര്യയുടെ പ്രതികരണം. ഇത് സംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നതോടെ സേജസ്വിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്,

ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധിച്ച് ചിക്മംഗളൂരു യുവമോർച്ച പ്രസിഡന്റ് സന്ദീപ് കുമാർ ഉൾപ്പെടെയുള്ളവർ രാജിവെക്കുകയും ചെയ്തിരുന്നു. ബെംഗളൂരു സൗത്ത് എം.പി കൂടിയാണ് തേജസ്വി സൂര്യ.

സന്ദീപ് കുമാറുമായി സമവായ ചർച്ചകൾക്ക് ശ്രമിക്കുന്നതിനിടെയാണ് തോജസ്വി സൂര്യയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവരുന്നതെന്നാണ് റിപ്പോർട്ട്.

താങ്കൾ പറയുന്ന കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. താങ്കളെക്കാളും പത്തിരട്ടി ദേഷ്യം എന്റെയുള്ളിലുണ്ട്. ഇത് കോൺഗ്രസിന്റെ ഭരണമായിരുന്നെങ്കിൽ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ ഭരിക്കുന്നത് നമ്മുടെ സർക്കാരാണ്.

ഈ പ്രശ്‌നം വഷളാക്കാൻ നാം അനുവദിക്കരുത്.

നമ്മുടെ പാർട്ടിക്കാരനെന്ന നിലയിൽ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാൻ. പ്രശ്‌നം വഷളാവാതെ എല്ലാം പാർട്ടിക്കുള്ളിൽ ഒതുങ്ങണം,’ എന്നായിരുന്നു തേജസ്വി സൂര്യയുടെ പരാമർശം.

Content Highlight; Yogi model won’t happen in karnataka says karnataka ex chief minister HD Kumaraswamy

We use cookies to give you the best possible experience. Learn more