ചീത്തപ്പേര് മാറ്റാന്‍ ആന്റി റോമിയോ സ്‌ക്വാഡ് പേരുമാറ്റുന്നു
India
ചീത്തപ്പേര് മാറ്റാന്‍ ആന്റി റോമിയോ സ്‌ക്വാഡ് പേരുമാറ്റുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 3:34 pm

ലഖ്‌നൗ: രൂപം കൊടുത്തതിനു പിന്നാലെ തന്നെ ഏറെ കുപ്രസിദ്ധി നേടിയ യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് പേരുമാറ്റുന്നു. നാരി സുരക്ഷാ ബല്‍ എന്നാണ് ആന്റി റോമിയോ സ്‌ക്വാഡ് ഇനി അറിയപ്പെടുക.

നമ്മുടെ സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കുകയെന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു യു.പി സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡിനു രൂപം കൊടുത്തത്. എന്നാല്‍ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ ഒരുമിച്ച് കാണുന്ന യുവതി യുവാക്കളെ ആക്രമിക്കുന്ന രീതിയിലായിരുന്നു ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

ആന്റി റോമിയോ സ്‌ക്വാഡിന്റെ ആക്രമണത്തിന് ഇരയായവരില്‍ സഹോദരി സഹോദരന്മാരും ഭാര്യാ ഭര്‍ത്താക്കന്മാരുമൊക്കെയുണ്ടായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ദേശീയതലത്തില്‍ തന്നെ വാര്‍ത്തയാവുകയും ചെയ്തതോടെ യുപി സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പേരുമാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.


Must Read: ‘അധ്യാപകനൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്’ രാത്രി അശ്ലീല ചാറ്റിനുവന്ന സംസകൃത സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ഥിനി 


അതേസമയം പേരുമാറ്റുന്നതിന് മന്ത്രിമാര്‍ പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. എന്നാല്‍ ആന്റി റോമിയോ സ്‌ക്വാഡിന് വലിയ ചീത്തപ്പേരുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് പേരുമാറ്റുന്നതെന്നാണ് ചില പൊലീസ് ഓഫീസര്‍മാര്‍ നല്‍കുന്ന വിശദീകരണമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഡി.ജി.പി ജാവേദ് അഹമ്മദ് ഉത്തരവിറക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ഇരിക്കുന്ന ദമ്പതിമാരെ ചോദ്യം ചെയ്യാനോ ഐ.ഡി ചോദിക്കാനോ പീഡിപ്പിക്കാനോ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം.