| Wednesday, 16th October 2019, 10:42 pm

ഹിന്ദുവിനേയും മുസ്‌ലീമിനേയും തമ്മിലടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ദീപാവലിക്ക് വൈദ്യുതി വിതരണം നിര്‍ത്തിയെന്ന് യോഗി സര്‍ക്കാര്‍ കള്ളം പറയരുതെന്നും അസംഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹിന്ദുക്കളെയും മുസ്‌ലീങ്ങളേയും തമ്മിലടിപ്പിക്കാനുള്ള യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അസംഖാന്‍.

‘ലോഡ് രാമനെ ഉപയോഗിച്ച് നിങ്ങള്‍ എന്ത് നേടി? ഹിന്ദുക്കളെയും മുസ്ലീമിനേയും തമ്മില്‍ തല്ലിക്കുകയായിരുന്നു നിങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ സന്തുഷ്ടരാണ്. ഞാന്‍ എന്റേതിലും, ഇതാണ് യാഥാര്‍ത്ഥ്യം’ അസംഖാന്‍ പറഞ്ഞു.

ദീപാവലി സമയത്ത് വൈദ്യുതി വിതരണം നിര്‍ത്തിയെന്നും ഈദ് സമയത്ത് വൈദ്യുതി വിതരണം ചെയ്തുവെന്നും നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ തോന്നുന്നതെന്നും പേര് പരാമര്‍ശിക്കാതെ അസം ഖാന്‍ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 21 നാണ് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റാംപൂര്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവിടെ അസംഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയാണ് മത്സരിക്കുന്നത്. എസ്.പി കോട്ട തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അസംഖാന്‍ എം.പിയായി വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യോഗി സര്‍ക്കാര്‍ റാംപൂര്‍ മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് അസംഖാന്റെ വിമര്‍ശനം.

രണ്ടര വര്‍ഷം കഴിഞ്ഞു. അജിത്പൂരിലേക്ക് രണ്ടര പൈസയുടെ വികസനം പോലും കൊണ്ട് വന്നിട്ടില്ല. ഞാന്‍ ഇവിടെ ഭരിക്കുമ്പോള്‍ 260 കോടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്ഷേപിച്ചിരുന്നു. ചെറിയ കാലയളവില്‍ മാത്രം എം.എല്‍.എ ആയിരുന്ന ഞാന്‍ 250 കോടി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ 2500 കോടിയെങ്കിലും ഇവിടെ നിക്ഷേപിക്കണമെന്നും അസംഖാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 11 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more