സോഷ്യൽ മീഡിയയിൽ സർക്കാർ വിമർശനം പാടില്ല; ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഉത്തർപ്രദേശ് സർക്കാർ
India
സോഷ്യൽ മീഡിയയിൽ സർക്കാർ വിമർശനം പാടില്ല; ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഉത്തർപ്രദേശ് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 4:45 pm

ലഖ്‌നൗ: സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകളോ അഭിപ്രായങ്ങളോ പങ്കുവെക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പത്രമാധ്യമങ്ങളിലൂടെ സ്വതന്ത്രമായി വാർത്തകളും വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നത് തടയാൻ നിർമിച്ച നിയമത്തിൽ സോഷ്യൽ മീഡിയ, വെബ് പോർട്ടൽ, ഡിജിറ്റൽ ന്യൂസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഇതോടെ ഇൻസ്റ്റഗ്രാം, എക്സ്,വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

നിയമത്തിൽ മാറ്റം വരുത്തിയതോടെ പരമ്പരാഗത മാധ്യമങ്ങളായ പത്രം മാഗസിൻ തുടങ്ങിയവക്ക് പിന്നാലെ വെബ് പോർട്ടൽ, സോഷ്യൽ മീഡിയ എന്നിവയിലും വാർത്തകൾ പങ്കുവെക്കുന്നതിൽ ജനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.

പഴയ നിയമത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വന്തം പേര് വെക്കാതെയോ അല്ലെങ്കിൽ മുൻ‌കൂർ അനുമതിയില്ലാതെയോ പത്രങ്ങളിലോ പ്രസിദ്ധീകരണങ്ങളിലോ ലേഖനങ്ങൾ എഴുതാനോ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ കഴിയില്ലായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഇത് ഒന്നുകൂടി കടുപ്പമേറുകയാണ്. സോഷ്യൽ മീഡിയയിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകായാണിവിടെ ചെയ്യുന്നത്.

ഉത്തർപ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രധാന മാറ്റ് ഉദ്യോഗസ്ഥർക്കും ബ്രോഡ്‌കാസ്റ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമപ്രകാരം സർക്കാരിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങാതെ ഏതെങ്കിലും സർക്കാർ ജീവനക്കാരൻ ഒരു പത്രത്തിന്റെയോ ആനുകാലിക പ്രസിദ്ധീകരണത്തിന്റെയോ ഭാഗമായി പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. അതോടൊപ്പം അവർക്ക് ഒരു മാധ്യമ സ്ഥാപനത്തിന്റെയും ഉടമസ്ഥാവകാശം ഉണ്ടായിരിക്കാനും പാടില്ല.

എന്നാൽ സാഹിത്യപരമായതോ ശാസ്ത്രീയമായോ ഉള്ള എഴുത്തുകൾക്ക് അനുമതി കത്തിന്റെ ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ജൂൺ 19 നാണ് നിയമം പുറപ്പെടുവിച്ചത്. സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള എന്തെങ്കിലും വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.

എന്നാൽ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഉത്തർപ്രദേശ് സർക്കാർ ജനാധിപത്യത്തെ ഇല്ലാതാക്കുകയും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുകയാണെന്ന് ഉത്തർപ്രദേശിയിലെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

 

സർക്കാരിനെതിരെയുള്ള ഏത് തരത്തിലുമുള്ള വിമർശനങ്ങൾ നിയന്ത്രിക്കാനുള്ള ഒരു ഗാഗ് ഓർഡർ ആണീ നിയമമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വിമർശിച്ചു.

ഇത് ഒരു ഗാഗ് ഓർഡർ പോലെയാണ്. നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിൽ ഒരു വ്യക്തിയുടെ വാട്സാപ്പിലെ സ്വകാര്യ വിവരങ്ങൾ വരെ അവർക്ക് ലഭിക്കും,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Yogi govt expands gag order for officials & employees to include social media, digital news portals