ലഖ്‌നൗ: ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് ജാതി ചിന്താഗതി അവര്‍ക്കുണ്ടായതുകൊണ്ടാണ് എന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
ലഖ്നൗവില്‍ തന്റെ പാര്‍ട്ടിയുടെ മുസ്‌ലിം, ജാട്ട്, ഒ.ബി.സി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.
ജാതി സെന്‍സസ് എന്ന ഒ.ബി.സി വിഭാഗത്തിന്റെ ആവശ്യത്തെ ബി.എസ്.പി പിന്തുണയ്ക്കുന്നുണ്ടെന്നും ജാതിയെ പറ്റിയുള്ള ചിന്ത കാരണം കേന്ദ്രം ഈ ആവശ്യം അവഗണിക്കുകയാണെന്നും മായാവതി പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
‘സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുസ്‌ലിങ്ങള്‍ വളരെ അസ്വസ്ഥരാണ്, ഈ സര്‍ക്കാര്‍ കാരണം അവരുടെ വളര്‍ച്ച നിലച്ചു, അവരെ കള്ളക്കേസില്‍ കുടുക്കി ചൂഷണം ചെയ്യുകയും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ബി.ജെ.പിക്ക് അവരോടുള്ള ചിറ്റമ്മ സമീപനമാണ് കാണിക്കുന്നത്,’ മായാവതി പറഞ്ഞു.
തന്റെ സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങളുടെ പുരോഗതിയും സുരക്ഷയും ഉറപ്പാക്കപ്പെട്ടുവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മണ്ഡല് കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നടപ്പാക്കിയില്ലെന്നും വി.പി. സിംഗ് സര്‍ക്കാരിന്റെ സമയത്ത് ബി.എസ്.പി അത് നടപ്പാക്കിയതിനാലാണ് ഒ.ബി.സി വിഭാഗത്തിന് സംവരണ സൗകര്യം ലഭിച്ചതെന്നും മായാവതി പറഞ്ഞു.
പുതിയ നിയമങ്ങളുണ്ടാക്കി കോടതിയുടെ പിന്തുണയോടെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ‘ജാതി’ സംവരണം നിഷ്ഫലമാക്കുകയാണെന്നും ഉത്തര്‍പ്രദേശിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും മായാവതി ആരോപിച്ചു.
ബി.എസ്.പിയെ അധികാരത്തിലെത്തിച്ചാല്‍ തങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് പുറമെ ജാട്ട്, ഒ.ബി.സി വിഭാഗങ്ങളുടെയും പുരോഗതിയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്ന് മായാവതി വാഗ്ദാനം ചെയ്തു.