ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ആധുനിക ഗോശാല നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍. സ്വിറ്റ്‌സര്‍ലാന്റ് മാതൃകയില്‍ അയോധ്യറോഡിന് സമീപമുള്ള ഉത്തരധൗനയെന്ന ഗ്രാമത്തിലാണ് ഗോശാല നിര്‍മിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ഹെക്ടര്‍ സ്ഥലത്ത് 32.63 കോടി മുടക്കിയാണ് ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഗോശാല നിര്‍മിക്കുന്നത്.
നിര്‍മാണത്തിനാവശ്യമായ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഗോശാല നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ ബുധനാഴ്ച നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മീറ്റിങ്ങില്‍ പാസാക്കി.
2000 പശുക്കളെ ഉള്‍ക്കൊള്ളുന്നതായിരിക്കും ഗോശാല. ഇവിടെ പശുക്കളെ കെട്ടിയിടില്ലെന്നും പ്രദേശത്തെ മരങ്ങളും സസ്യങ്ങളും അതുപോലെ തന്നെ നിലനിര്‍ത്തുമെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇന്ദ്രജിത്ത് സിങ് പറഞ്ഞു.
ഗോശാലയില്‍ കാമധേനുവിന്റെ പ്രതിമ നിര്‍മിക്കും. പശുക്കളെ പരിപാലിക്കാനും ചികിത്സിക്കാനുമുള്ള സംവിധായനങ്ങള്‍ ഗോശാലയിലുണ്ടാവും. അതിനായി വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കും. പശു മ്യൂസിയവും അന്നപൂര്‍ണ റെസ്റ്റോറന്റും ഗോശാലയിലുണ്ടാവും. ഗോശാല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Yogi government to build modern Goshala in Uttar Pradesh