ലഖ്‌നൗ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചു പിന്തുണ നേടി. സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ എണ്ണം ചുരുക്കാനും, അടുത്ത മന്ത്രിസഭാ പുനഃസംഘടനയില്‍ ബി.ജെ.പി മന്ത്രിമാരുടെ എണ്ണം വെട്ടിച്ചുരുക്കാനും ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭഗവതിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ ഭയ്യാജി ജോഷിയെയുമാണ് ആദിത്യനാഥ് ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ലഖ്‌നൗവിലെ ആര്‍.എസ്.എസ്. ഓഫീസായ വിശ്വ സംവാദ് കേന്ദ്രയിലെത്തി ദത്താത്രേയ ഹോസ്ബാലെയുമായും കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത വൃത്തങ്ങളിലുള്ള വ്യക്തിയാണ് ഹോസ്ബാലെ.
ദല്‍ഹിയിലും ലഖ്‌നൗവിലുമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ക്കു മുന്നില്‍ ആദിത്യനാഥ് തന്റെ സര്‍ക്കാരിന്റെ പ്രോഗ്രസ്സ് കാര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കാര്യമായ പുനഃസംഘടന കൊണ്ടുവരാന്‍ ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ബി.സി. വിഭാഗത്തില്‍ നിന്നുള്ളവരെ സംഘടനയുടെ താക്കോല്‍സ്ഥാനങ്ങളില്‍ കൊണ്ടുവരുന്നത് ഈ മാറ്റങ്ങളുടെ ഭാഗമായാണ്. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ച്, സംഘടനയില്‍ ജാതീയമായ തുല്യത കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Also Read: ദിലീപിനെ തിരിച്ചെടുക്കുക വഴി സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് “അമ്മ”: എം.എ ബേബി
ആദിത്യനാഥ് സര്‍ക്കാരിലെ ചില മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ അപര്യാപ്തതയെക്കുറിച്ച് ആര്‍.എസ്.എസിന് അതൃപ്തിയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ സംഘടിച്ച് ബി.ജെ.പിയെ തറപറ്റിച്ചതും ആര്‍.എസ്.എസ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നുണ്ട്.
“ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിമാരില്‍ ചിലരെ മാറ്റിയേക്കാന്‍ സാധ്യതയുണ്ട്. ആദിത്യനാഥ് മന്ത്രിസഭയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. ചില മന്ത്രിമാര്‍ക്ക് സ്ഥാനചലനം ഉണ്ടാവുകയും, മറ്റു ചിലരെ സാമുദായിക സന്തുലിതാവസ്ഥ കൊണ്ടുവരാനായി പുതുതായി നിയോഗിക്കുകയും ചെയ്‌തേക്കാം.” ബി.ജെ.പി നേതാക്കള്‍ പറയുന്നു.
Also Read: ശുജാഅത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; പ്രതികളിലൊരാള്‍ പാക് പൗരന്‍
സംഘ്പരിവാര്‍ സാധാരണയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാറില്ലെങ്കിലും, നയപരമായ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ടെന്ന് മുതിര്‍ന്ന പ്രവര്‍ത്തകര്‍ പറയുന്നു. രാമക്ഷേത്രത്തിനു വേണ്ടി ഉയരുന്ന മുറവിളികളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ അടുത്തയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ക്ക് കേന്ദ്രപ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.