| Thursday, 23rd December 2021, 11:38 am

അയോധ്യയിലെ ബി.ജെ.പി നേതാക്കളുടെ ഭൂമി വാങ്ങിക്കൂട്ടല്‍; സമ്മര്‍ദ്ദത്തിന് പിന്നാലെ അന്വേഷണത്തിന് സമ്മതിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്രത്തിന്റെ സമീപത്തുള്ള സ്ഥലങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടപടിയുമായി യു.പി സര്‍ക്കാര്‍. സംഭവം അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.

സംഭവം വിശദമായി അന്വേഷിക്കാന്‍ ആദിത്യനാഥ് റവന്യൂ വകുപ്പിനോട് ഉത്തരവിട്ടതായി ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.

2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധി വരുന്നതിന് മുമ്പും ഭൂമി ഇടപാട് നടന്നതായുള്ള ആരോപണമുണ്ടായിരുന്നു.

രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂമിയിടപാടുകളില്‍ ഭൂരിഭാഗവും നടന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പതിനഞ്ചോളം ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നാണ് വിവരം. ഇടപാടുകളൊന്നും നേരിട്ടില്ല നടത്തിയിരിക്കുന്നത്.

ബന്ധുക്കളുടെ പേരിലോ മറ്റ് ആളുകളുടെ പേരിലോ ആണ് ഇടപാടുകള്‍. അയോധ്യയിലെ മേയറായ ഋഷികേശ് ഉപാധ്യായ് മാത്രമാണ് നേരിട്ട് ഭൂമി വാങ്ങിയിരിക്കുന്നത്. വിധി വരുന്നതിന് രണ്ടുമാസം മുമ്പാണ് മേയര്‍ ഭൂമി വാങ്ങിയത്.

രണ്ട് എം.എല്‍.എമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് സംസ്ഥാനത്തെ ഒ.ബി.സി കമ്മീഷന്റെ അംഗം ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍, ഡി.ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭൂമി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Yogi government orders probe after reports on land grabbing in Ayodhya

We use cookies to give you the best possible experience. Learn more