ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത ബുള്‍ഡോസര്‍ പ്രയോഗം മദ്രസകള്‍ക്ക് നേരെ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ വിശദ വിവരം ശേഖരിക്കുമെന്ന് യോഗി സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെട്ടിടത്തിന് ഉറപ്പില്ലെന്ന് കാണിച്ച് മദ്രസ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളെ ലക്ഷ്യമിട്ട് യോഗി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മദ്രസകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ നടത്തണമെന്നാണ് യോഗി സര്‍ക്കാരിന്റെ നിര്‍ദേശം.
മദ്രസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍വേ നടത്തുക.
മദ്രസ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്രസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്സ്, സര്‍ക്കാരിതര സ്ഥാപനവുമായുള്ള ബന്ധം, സ്വകാര്യ കെട്ടിടത്തിലാണോ വാടക കെട്ടിടത്തിലാണോ മദ്രസ പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ എണ്ണം, കുടിവെള്ളം, ഫര്‍ണിച്ചര്‍, വൈദ്യുതി വിതരണം, ടോയ്ലറ്റ് തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കുമെന്നും ആസാദ് അന്‍സാരി പറഞ്ഞു.
സര്‍വേയ്ക്കുശേഷം പുതിയ മദ്രസകളെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ അംഗീകാരമില്ലാത്ത മദ്രസകളുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
16,461 മദ്രസകളാണ് നിലവില്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷമായി പുതിയ മദ്രസകള്‍ ഗ്രാന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
അസമില്‍ മൂന്ന് മദ്രസകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. ‘കെട്ടിടം തകര്‍ച്ചയിലാണെന്നും ആളുകള്‍ക്ക് കഴിയാന്‍ സുരക്ഷിതമല്ലെ’ന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം അസമിലെ ബൊംഗായ്ഗാവില്‍ മദ്രസ തകര്‍ത്തത്. തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിനിടെ മൂന്ന് മദ്രസകള്‍ തകര്‍ത്തത്.
Content Highlight: Yogi government focusing on madrasas in state, seeks full information regarding madrasas