രാജസ്ഥാനിലും യോഗി യുഗം? ; മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ബാബാ ബാലക് നാഥും
Kerala News
രാജസ്ഥാനിലും യോഗി യുഗം? ; മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ബാബാ ബാലക് നാഥും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 5:14 pm

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ വിജയം മറ്റൊരു ‘യോഗി’ ഉദയത്തിന് വഴിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ യോഗി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആത്മീയ നേതാവും അല്‍വാര്‍ എം.പിയുമായ ബാബ ബാലക് നാഥാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഒരാള്‍.

ഇതുവരെ രാജസ്ഥാനില്‍ ഒരു മുഖമന്ത്രി സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നാഥ് വിഭാഗത്തില്‍ നിന്നുള്ള ബാബ ബാലക് നാഥ് മുഖ്യമന്തിയാകാനുള്ള സാധ്യതകളുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ത്രീവ വലതുപക്ഷ നേതാവായ ബാലക് നാഥിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

തിജാര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖാനെതിരെ വന്‍ഭൂരിപക്ഷത്തിലാണ് ബാലക്‌നാഥ് ലീഡ് ചെയ്യുന്നത്. ഇമ്രാന്‍ ഖാന്‍ എതിരെയുള്ള തന്റെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തോട് അദ്ദേഹം ഉപമിച്ചിരുന്നത്. തിജാരയില്‍ നടക്കുന്നത് ഇന്ത്യ പാകിസ്ഥാന്‍ മത്സരമാണെന്നും പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് ബാലക് നാഥിന് വേണ്ടി പ്രചാരണം നടത്തുകയും അദ്ദേഹത്തെ ‘തിജാരയുടെ നക്ഷത്രം’ആക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ ബാബ ബാലക് നാഥിന്റെ വിജയം മറ്റൊരു യോഗി യുഗത്തിനുള്ള ആരംഭമായാണ് കണക്കാക്കപ്പെടുന്നത്. യോഗിയുടെ വിശ്വസ്തനും പിന്‍ഗാമിയുമായി കണക്കാക്കുന്ന ബാലക്‌നാഥ് മുഖ്യമന്ത്രി ആകുകയാണെങ്കില്‍ രാജസ്ഥാനിലും മറ്റൊരു യോഗി യുഗം ആരംഭിക്കും.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ 199 നിയമസഭാ മണ്ഡലങ്ങളില്‍ 114 എണ്ണത്തില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ഒതുങ്ങി.

Content Highlight:  Yogi era in Rajasthan too? ; Baba Balak Nath is among those being considered for the post of Chief Minister