| Sunday, 30th January 2022, 8:08 am

നിരപരാധികളായ രാമഭക്തരുടെ രക്തം പുരണ്ട തൊപ്പി ധരിച്ചവര്‍ ഐക്യത്തിനായി കേഴുന്നു; മുസാഫിര്‍ നഗര്‍ കലാപത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ പഴിച്ച് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസാഫിര്‍ നഗര്‍ കലാപത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസാഫര്‍ നഗര്‍ കലാപകാലത്ത് 60 ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും 1500 പേരെ അഴിക്കുള്ളിലാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ രാമ ഭക്തരുടെ രക്തം കൊണ്ട് നിര്‍മിച്ചതാണ് സമാജ് വാദി പാര്‍ട്ടിയുടെ തൊപ്പി എന്നും കുറ്റക്കാരെ സഹായിക്കുന്ന പാര്‍ട്ടിയാണ് അഖിലേഷ് യാദവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിമുകളും ജാട്ടുകളും തമ്മില്‍ നടന്ന മുസാഫിര്‍ നഗര്‍ കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭഗ്പാട്ടിലെ കൊവിഡ് ആശുപത്രി സന്ദര്‍ശിച്ച ശേഷം നടന്ന മീറ്റിംഗിലാണ് യോഗിയുടെ പരമാമര്‍ശങ്ങള്‍. ഗൗരവ്, സച്ചിന്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞ യോഗി തങ്ങളുടെ മരുമക്കളെ ഉപദ്രവിക്കുന്നത് തടഞ്ഞതിനാലാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് പറഞ്ഞു.

‘കര്‍ഷകരുടെയും നിരപരാധികളായ രാമഭക്തരുടെയും രക്തം പുരണ്ട തൊപ്പി അണിഞ്ഞവര്‍ ഇപ്പോള്‍ ഐക്യത്തിന് വേണ്ടി കേഴുകയാണ്,’ യോഗി പറഞ്ഞു.

രാമന്റെ ശിഷ്യര്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്ക് ജനങ്ങളില്‍ നിന്ന് വോട്ട് തേടാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. 1990ല്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മുലായം സിംഗ് സര്‍ക്കാര്‍ ഉത്തരവിട്ട സംഭവത്തെ ഓര്‍മിപ്പിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം.

കൈരാന പലായനം, സിയാന കലാപം, മുസാഫിര്‍ നഗര്‍ കലാപം എന്നിവയ്ക്ക് ഉത്തരവാദികളായവരെയാണ് എസ്.പി സ്ഥാനാര്‍ത്ഥികളാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. മാര്‍ച്ച് 10ന് ശേഷം ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ക്രിമിനലുകളെ ജയിലില്‍ അടയ്ക്കുമെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു.

അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യു.പിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത് റാലിയില്‍ ഷാ യോഗി സര്‍ക്കാരിനെ പുകഴ്ത്തുകയും സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ കാലത്ത് ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധകാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് മോഷണം 70 ശതമാനം കുറഞ്ഞു. കവര്‍ച്ച 69 ശതമാനവും കൊലപാതകം 30 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്തെ ക്രമസമാധാന നിലയുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ അഖിലേഷ് യാദവിനെ ഷാ വെല്ലുവിളിക്കുകയും ചെയ്തു.

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ യു.പി രാജ്യത്തിന്റെ ഒന്നാം നമ്പര്‍ സംസ്ഥാനമാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlight: yogi-blames-2013-rioting-in-muzaffarnagar-on-samajwadi-party

We use cookies to give you the best possible experience. Learn more