കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്
national news
കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2024, 8:34 pm

ലഖ്നൗ: മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്.

ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്‍ ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക.

എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം സനാതന ധര്‍മത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.

മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

Content Highlight: Yogi bans sale and consumption of meat, liquor at Maha Kumbha Mela